Connect with us

Malappuram

മൂര്‍ക്കനാട്ട് മില്‍മ പ്ലാന്റ്: നിര്‍മാണം ഉടന്‍ ആരംഭിക്കും

Published

|

Last Updated

കൊളത്തൂര്‍: മൂര്‍ക്കനാട്ട് ആരംഭിക്കുന്ന നിര്‍ദിഷ്ട മില്‍മ ഡയറി പ്ലാന്റിന് ആവശ്യമായ സ്ഥലം ഏറ്റടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു.
മൂര്‍ക്കനാട് പടകളിപ്പറമ്പിന് മുകളിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. റവന്യു വകുപ്പിന്റെ സഹായത്തോടെ ആവശ്യമായ സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ച് സര്‍വേ പൂര്‍ത്തിയാക്കി. നേരത്തെ തീരുമാനിച്ചിരുന്ന 12.7 ഏക്കറിനൊപ്പം 1.9 ഏക്കറും കൂടി അധികം ഏറ്റടുത്തിട്ടുണ്ട്. പുറമെ പ്ലാന്റിലേക്കുള്ള റോഡ്, ഓഫീസ് എന്നിവക്കായി 1.17 ഏക്കര്‍ സ്ഥലം പ്ലാന്റിന് മുന്‍ഭാഗത്തായി ഏറ്റടുത്തിട്ടുണ്ട്. സ്വകാര്യ വ്യക്തികളില്‍ നിന്നാണ് ഏറ്റടുക്കുന്നത്. കേരള കോ-ഓപ്പറേറ്റേീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡാണ് ഉടമസ്ഥരില്‍ നിന്ന് സ്ഥലം വിലക്കെടുക്കുന്നത്. ഭൂമി അളന്ന് നിര്‍ണയിക്കല്‍ ഇതിനകം പൂര്‍ത്തിയായി. ജില്ലാ ഭരണ കൂടത്തിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തില്‍ അവസാന ഘട്ട സര്‍വേ അടുത്ത ദിവസം നടക്കും. പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്നതിന് തൂതപ്പുഴയോരത്ത് അഞ്ച് സെന്റ് സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് കിണറും പമ്പ് ഹൗസും നിര്‍മിക്കുക.
മലാബാറില്‍ ആറമത്തേതാണ് ജില്ലയില്‍ ആരംഭിക്കുന്ന പുതിയ ഡയറി പ്ലാന്റ്. നിലവില്‍ പാലക്കാട്,കോഴിക്കോട്,കണ്ണൂര്‍,കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ മില്‍മക്ക് പ്ലാന്റുകളുണ്ട്.ഒ രു ലക്ഷം ലിറ്റര്‍ പാല്‍ സംഭരണശേഷിയുള്ളതാണു പ്ലാന്റ്. ഇതിനാവശ്യമായ ഫണ്ട് മില്‍മക്ക് ലഭ്യമായിട്ടുണ്ട്. സ്ഥലം ഏറ്റടുക്കല്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പ്ലാന്റ് നിര്‍മാണം തുടങ്ങാനാണു തീരുമാനം. 40 കോടി രൂപ ചിലവില്‍ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിക്കുന്ന പ്ലാന്റ് വരുന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാവും.
മലപ്പുറം ജില്ല പൂര്‍ണമായും പാലക്കാട് ജില്ല ഭാഗികമായും പ്ലാന്റിന്റെ പ്രവര്‍ത്തന പരിതിയില്‍ വരും. ഗതാഗതം ശുദ്ധജല സൗകര്യം എന്നിവ കണക്കിലെടുത്താണു മൂര്‍ക്കനാടിനെ തെരഞ്ഞെടുത്തത്. സഹകരണ സംഘങ്ങള്‍ വഴിയാണു പാല്‍ സംഭരിക്കുക. പ്രതിവര്‍ഷം 125 കോടി രൂപയുടെ വ്യാപരമാണു ലക്ഷ്യമിടുന്നത്.

Latest