Connect with us

Kozhikode

നഗരത്തിന്റെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു; ജപ്പാന്‍ പദ്ധതി ട്രയല്‍ പമ്പിംഗ് അടുത്ത മാസം

Published

|

Last Updated

കോഴിക്കോട്: നഗരത്തിന്റെ കുടിവെള്ളക്ഷാമത്തിന് പരിഹരമായി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ട്രയല്‍ പമ്പിംഗ് അടുത്ത മാസം നടക്കും. കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട് നഗരത്തിലും 13 പഞ്ചായത്തുകളിലുമായി 13 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. തുടക്കത്തില്‍ ഒരു ലക്ഷം കണക്ഷനുകളാണ് കമ്മീഷന്‍ ചെയ്യുക. 45,000 അപേക്ഷകള്‍ പരിഗണനയിലുണ്ട്. 

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലും പരിസരങ്ങളിലെ 13 പഞ്ചായത്തുകളിലും 24 മണിക്കൂറും ജലവിതരണം നടക്കും. കോഴിക്കോട് കോര്‍പറേഷന്‍ പ്രദേശത്തിന് പുറമെ ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, നരിക്കുനി, കുരുവട്ടൂര്‍, തലക്കുളത്തൂര്‍, ഒളവണ്ണ, കടലുണ്ടി, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതിയിലൂടെ കുടിവെള്ളം ലഭിക്കുക. നിലവില്‍ 60 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് കോഴിക്കോട് വിതരണത്തിന് ലഭിക്കുന്നത്. പദ്ധതി വരുന്നതോടെ അത് 260 ദശലക്ഷമായി വര്‍ധിക്കുമെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. 1300 സ്ഥലത്ത് ഇന്റര്‍ കണക്ഷന്‍ നല്‍കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ജപ്പാന്‍ പദ്ധതി ഡിവിഷനും പി എച്ച് ഡിവിഷനും സംയുക്തമായി മോണിറ്ററിംഗ് നടത്തും.
പദ്ധതിക്കായി വിതരണ പൈപ്പുകള്‍ 65 ശതമാനം സ്ഥാപിച്ചുകഴിഞ്ഞു. 1.860 കിലോമീറ്ററാണ് വിതരണ ശൃംഖലയില്‍ പൈപ്പിടേണ്ടത്. 1,200 കിലോമീറ്ററില്‍ സ്ഥാപിച്ചുകഴിഞ്ഞു. മഴ കാരണമാണ് ജോലികള്‍ വൈകിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രാദേശികമായ പ്രശ്‌നങ്ങളും ചില ഭാഗങ്ങളില്‍ വൈകുന്നതിന് കാരണമായിട്ടുണ്ട്.
വെള്ളത്തിന്റെ ഉപയോഗം ഗാര്‍ഹികാവശ്യങ്ങള്‍ക്ക് നിശ്ചയിച്ച പരിധി കഴിഞ്ഞാല്‍ നിലവിലുള്ളതിലും കൂടിയ നിരക്ക് ഒരോ യൂനിറ്റിനും ഈടാക്കും. കുടിവെള്ളത്തിന് പുറമെ വ്യാവസായിക ആവശ്യത്തിനും ജലസേചനത്തിനും വെള്ളം ലഭ്യമാക്കും. ഇതുവരെയായി 650 കോടി രൂപ ചെലവിട്ടുകഴിഞ്ഞു. 805 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്.
ജപ്പാന്‍ ബേങ്ക് ഫോര്‍ ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ (ജെ ബി ഐ സി), ജപ്പാന്‍ ഓവര്‍സീസ് എക്കണോമിക്‌സ് കോഓപറേഷന്‍ ഫണ്ട് എന്നീ ഏജന്‍സികളുമായി കേന്ദ്ര സര്‍ക്കാര്‍ 1997 ഫെബ്രുവരി 23നായിരുന്നു ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് കരാറുണ്ടാക്കിയത്. കേരള വാട്ടര്‍ അതോറിറ്റിയെയാണ് പദ്ധതി നടപ്പാക്കാന്‍ ഏജന്‍സിയായി നിശ്ചയിച്ചത്. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെയും സമീപ പഞ്ചായത്തുകളിലേയും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുകയെന്നതാണ് മുഖ്യലക്ഷ്യം. ഇത് കൂടാതെ കണ്ണൂരിലെ പട്ടുവം, ആലപ്പുഴയിലെ ചേര്‍ത്തല, കൊല്ലത്ത് മീനാട് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്.
2003ല്‍ ഇതിനായി കണക്കാക്കിയ തുക 1,787.45 കോടി രൂപയായിരുന്നു. ഇതില്‍ 1,519.38 കോടി രൂപ ജെ ബി ഐ സി വായ്പയായി നല്‍കുമെന്നാണ് 11 വര്‍ഷം മുമ്പ് തീരുമാനിച്ചത്. പദ്ധതിക്ക് അനുവദിച്ച വായ്പാ കാലാവധി 2015 ജൂലായ് 22ന് പൂര്‍ത്തിയാകുകയാണ്.

Latest