നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരും: മുഖ്യമന്ത്രി

Posted on: September 29, 2014 9:59 am | Last updated: September 29, 2014 at 9:59 am
SHARE

oommen chandy 7കോഴിക്കോട്: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവും അമിതമായ വിലയുമാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. നിര്‍മാണ മേഖലയിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധി പൂര്‍ണതോതില്‍ പരിഹരിക്കാനായിട്ടില്ലെന്നും ഇതിനായി ശ്രമം തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലെന്‍സ്‌ഫെഡ് സംഘടിപ്പിച്ച ബില്‍ഡ് എക്‌സ്‌പോയുടെ ഭാഗമായി മുതിര്‍ന്ന എന്‍ജിനീയര്‍മാരെയും കരാറുകാരെയും ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയര്‍മാന്‍ പി സി അബ്ദുര്‍റഷീദ് അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം എല്‍ എ, ഡി സി സി പ്രസിഡന്റ് കെ സി അബു, കെ ഇ മുഹമ്മദ് ഫൈസല്‍, സി സനീഷ്‌കുമാര്‍, പി മമ്മദ്‌കോയ, പി ടി അബ്ദുല്ലക്കോയ, ടി സി വി ദിനേശ്കുമാര്‍, കെ മനോജ് സംസാരിച്ചു. ടി പി എം സഹീര്‍, പ്രഭാ ശങ്കര്‍, രമേശന്‍ പാലേരി, തോമസ് മറ്റം, എം വി കുഞ്ഞാമു, പി എം കേളുക്കുട്ടി, എന്‍ ടി എ കരീം, ഫസല്‍ഷാ കള്ളിയത്ത് എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. ബില്‍ഡ് എക്‌സ്‌പോയുടെ ഭാഗമായി വിവിധ സെമിനാറുകള്‍ നടന്നു.
ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിക്കും.