ഇത് ഇന്ത്യയുടെ നൂറ്റാണ്ടെന്ന് പ്രധാനമന്ത്രി

Posted on: September 29, 2014 9:51 am | Last updated: September 30, 2014 at 12:29 am
SHARE

MODI

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാമ്പാട്ടികളുടെ നാടെന്ന് ആക്ഷേപിച്ച ഇന്ത്യയിന്ന് മൗസുകള്‍ കൊണ്ട് കളിക്കുന്നവരുടെ നാടാണെന്നും മോദി പറഞ്ഞു.
‘ഇത്രയും മികച്ച സ്വീകരണം ഒരുക്കിയതിന് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. ജനാധിപത്യവും ജനസംഖ്യയും മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയിലുള്ള പ്രതീക്ഷയുമാണ് ഇന്ത്യയുടെ ശക്തി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ യുവാക്കള്‍ക്കുള്ള സ്വാധീനം രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതിന് ഉപയോഗിക്കും. രാജ്യം അതിവേഗം വികസിക്കുകയാണ്. 21ാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. നിങ്ങള്‍ക്ക് എവിടെയും തലകുനിക്കേണ്ടി വരില്ല.’ പ്രധാനമന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരുമായും അമേരിക്കയിലെ ചില ഗവര്‍ണറുമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.