Connect with us

National

നാഥനില്ലാ കളരികളായി സി വി സിയും സി ഐ സിയും

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതിവിരുദ്ധ നിരീക്ഷകരായ കേന്ദ്ര വിജിലന്‍സ് കമ്മീഷനും (സി വി സി) കേന്ദ്ര വിവരാവകാശ കമ്മീഷനും (സി ഐ സി)യും പ്രവര്‍ത്തിക്കുന്നത് നാഥന്‍മാരില്ലാതെ. മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ ഇന്നലെ സ്ഥാനമൊഴിഞ്ഞു. മുന്‍ പ്രതിരോധ സെക്രട്ടറിയായ അദ്ദേഹം 2011 ജൂലൈ 14നാണ് ചുമതലയേറ്റത്. വെള്ളിയാഴ്ച അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. കേന്ദ്ര വിജിലന്‍സ് കമ്മീഷണറും രണ്ട് വിജിലന്‍സ് കമ്മീഷണറുമായാണ് സി വി സി പ്രവര്‍ത്തിക്കുന്നത്. ഒരു കമ്മീഷണര്‍ ജെ എം ഗാര്‍ഗ് കഴിഞ്ഞ ഏഴാം തീയതി കാലാവധി പൂര്‍ത്തിയാക്കി. കേന്ദ്ര വ്യവസായ സുരക്ഷാ സൈന്യത്തിന്റെ ഡയറക്ടര്‍ ജനറലായിരുന്ന രാജീവ് ആണ് ഇപ്പോഴുള്ള കമ്മീഷണര്‍. മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനായ രാജീവിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായിട്ടില്ല. മരണം, രാജി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഈ സ്ഥാനമൊഴിഞ്ഞു കിടന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകും വരെ വിജിലന്‍സ് കമ്മീഷണര്‍മാരില്‍ ഒരാളെ രാഷ്ട്രപതി തത്സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നിയമ(2013)ത്തില്‍ പറയുന്നത്.
കേന്ദ്ര വിജിലന്‍സ് കമ്മീഷണറെയും വിജിലന്‍സ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതിലെ സുതാര്യതയില്ലാത്ത വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുകയാണ്. കേസുള്ളതിനാല്‍, സി വി സിയെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കഴിഞ്ഞ 18ന് സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. അടുത്ത മാസം 14ന് കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ നടക്കും.
ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്തതാണ് സി ഐ സിക്ക് വിനയായത്. ഈ പദവിയിലേക്ക് പ്രതിപക്ഷ നേതാവ് ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയാണ് നാമനിര്‍ദേശം ചെയ്യേണ്ടത്. പ്രധാനമന്ത്രി തലവനായ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവിന് പുറമെ പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയാണുണ്ടാകുക. കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം രാഷ്ട്രപതിയാണ് നിയമിക്കുക.

Latest