Connect with us

Kasargod

കേന്ദ്രഭരണം കോര്‍പറേറ്റുകളുടെ സംരക്ഷണത്തിനുവേണ്ടി: കെ സുരേന്ദ്രന്‍

Published

|

Last Updated

കാഞ്ഞങ്ങാട്: സാധാരണക്കാര്‍ക്കു വേണ്ടിയല്ല, കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.
കോര്‍പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാനായി തൊഴിലാളിദ്രോഹ നടപടികളാണ് സര്‍ക്കാര്‍ തുടക്കത്തിലേ കൈക്കൊള്ളുന്നത്. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഇത്തരം തൊഴിലാളി ദ്രോഹനടപടികളെ ചെറുത്തു തോല്‍പ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ യോജിച്ച പോരാട്ടത്തിന് തയ്യാറാകണമെന്ന് ഐ എന്‍ ടി യു സി ജില്ലാ കണ്‍വന്‍ഷന്‍ ശ്രമിക് ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ സുരേന്ദ്രന്‍ പറഞ്ഞു.
തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ മറ്റ് തൊഴിലാളിസംഘടനകളുമായി യോജിച്ച പ്രക്ഷോഭം നടത്താന്‍ ഐ എന്‍ ടി യു സി മുന്‍കൈ എടുക്കും. മുമ്പ് കേന്ദ്രത്തില്‍ എന്‍ ഡി എ അധികാരം കൈയാളിയപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് മരണമണി മുഴങ്ങിയത്. യു പി എ സര്‍ക്കാരിന്റെ കാലത്ത് സംരക്ഷിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാവിയാണ് ഭരണമാറ്റത്തോടെ അപകടത്തിലായത്. സര്‍ക്കാരിന്റെ നയരൂപീകരണത്തിലടക്കം ഇത്തരം വ്യവസായ ഭീമന്മാരാണ് ഇടപെടുന്നതെന്നും ഇത് തൊഴിലാളി സമൂഹത്തെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകുമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ജി ദേവ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എം സി ജോസ്, സ്വാതന്ത്ര്യസമരസേനാനി കെ ആര്‍ കണ്ണന്‍, കെ എന്‍ ശശി, ജോസ് സെബാസ്റ്റ്യന്‍, കെ എം ശ്രീധരന്‍, സാവിത്രി ടീച്ചര്‍, സി ഒ സജി, എം വി വിജയന്‍, രമേശന്‍ കരുവാച്ചേരി എന്നിവര്‍ പ്രസംഗിച്ചു.