മഹാരാഷ്ട്ര പൊരിഞ്ഞ പോരാട്ടത്തിലേക്ക്

Posted on: September 29, 2014 6:00 am | Last updated: September 28, 2014 at 8:48 pm
SHARE

ഹിന്ദുത്വ അജന്‍ഡ മുന്‍നിര്‍ത്തി മഹാരാഷ്ട്രയില്‍ കെട്ടിപ്പടുത്ത ശിവസേനാ- ബി ജെ പി സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ തകര്‍ന്നു വീണു. ഭരണം കൈയാളാനായില്ലെങ്കിലും കാല്‍ നൂറ്റാണ്ട് സംസ്ഥാനത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ ഈ ‘മഹാസഖ്യ’ത്തിന് കാര്യമായ പങ്കുണ്ടായിരുന്നു. അതിന് തൊട്ട് പിന്നാലെ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സംസ്ഥാന ഭരണം നടത്തിയ, ‘മതേതര സഖ്യ’മെന്ന് വിശേഷിപ്പിച്ചിരുന്ന കോണ്‍ഗ്രസ് – എന്‍ സി പി സഖ്യവും ശിഥിലമായി. അധികാരം പിടിച്ചടക്കാന്‍ കൂടുതല്‍ സീറ്റുകള്‍ക്കും മുഖ്യമന്ത്രിപദത്തിനും വേണ്ടിയുള്ള തമ്മില്‍ തല്ലാണ് ഇരു മുന്നണികളടെയും തകര്‍ച്ചക്ക് വഴിയൊരുക്കിയത്. ഇതിന്റെ സ്വാഭാവിക പരിസമാപ്തിയായി മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജി വെക്കുകയും ചെയ്തു. ഒക്‌ടോബര്‍ 15ന് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായ ഈ സംഭവവികാസങ്ങള്‍. 288 അംഗ നിയമസഭയിലേക്ക് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നലെ പൂര്‍ത്തിയാകുകയും ചെയ്തു. നിലവിലുള്ള സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ മുന്നണികള്‍ തട്ടിക്കൂട്ടാന്‍ സാധ്യതയില്ലെന്നതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമാകും ചാണക്യ നീക്കങ്ങള്‍.
2009ല്‍ തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലേറിയ കോണ്‍ഗ്രസും എന്‍ സി പിയും ഉള്‍പ്പെട്ട ജനാധിപത്യ മുന്നണി പലതരം വൈതരണികള്‍ തരണം ചെയ്താണ് ഭരണം നിലനിര്‍ത്തിയത്. കാര്‍ഗില്‍ രക്തസാക്ഷികളുടെ ആശ്രിതര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ രൂപവത്കരിച്ച ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയില്‍ അരങ്ങേറിയ അഴിമതിയും വഴിവിട്ട നടപടികളും അങ്ങാടിപ്പാട്ടായപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനായ അശോക് ചവാന് പകരക്കാരനായിട്ടായിരുന്നു പൃഥ്വിരാജ് ചവാന്റെ സ്ഥാനാരോഹണം. ഉപമുഖ്യമന്ത്രിയായിരുന്ന എന്‍ സി പി നേതാവ് അജിത് പവാറും ചവാനും തമ്മിലുള്ള ബന്ധം ഒരിക്കലും സുഖകരമായിരുന്നില്ല. ജലസേചന പദ്ധതികളുടെ നടത്തിപ്പിലെ അഴിമതിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പവാറിന് രാജി വെക്കേണ്ടിവരിക പോലും ചെയ്തു. അഴിമതിയോട് സന്ധി ചെയ്ത് പവാര്‍ രാജി പിന്‍വലിച്ചെങ്കിലും മുന്നണിയില്‍ നിരന്തരം പ്രതിസന്ധികള്‍ ഉടലെടുത്തിരുന്നു. ഒടുവില്‍ സീറ്റ് വിഭജന തര്‍ക്കം ഒരു നിമിത്തമാക്കി എന്‍ സി പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പ് മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ടിവരികയായിരുന്നു.
ബി ജെ പിയുമായി കൂട്ടുകൂടാന്‍ ‘തന്ത്രപരമായ’ തീരുമാനമെടുത്ത ശേഷമാണ് സഖ്യം തകര്‍ക്കാന്‍ എന്‍ സി പി മുതിര്‍ന്നതെന്ന കോണ്‍ഗ്രസിന്റെ ആരോപണം ശരദ് പവാറിന്റെ മകളും എം പിയുമായ എന്‍ സി പി നേതാവ് സുപ്രിയ സുലുവും അജിത് പവാറും നിഷേധിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സാധ്യത നിഷേധിക്കാനാകില്ലെന്ന് കരുതുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ഏറെയും.
ശിവസേന – ബി ജെ പി സഖ്യത്തിന്റെ തകര്‍ച്ചക്ക് വഴിവെച്ചത് ഇരുകക്ഷികളുടെയും അതിരുകവിഞ്ഞ കണക്ക് കൂട്ടലുകളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 23 സീറ്റ് നേടിയപ്പോള്‍ ശിവസേനക്ക് ലഭിച്ചത് 18 സീറ്റുകളാണ്. എന്‍ സി പിക്ക് നാലും കോണ്‍ഗ്രസിന് രണ്ടും സീറ്റുകള്‍ മാത്രമാണ് നേടാനായത്. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ ഇന്നില്ലെങ്കിലും ബി ജെ പിയും ശിവസേനയും സീറ്റ് വിഭജനത്തില്‍ കടുംപിടിത്തത്തിലായിരുന്നു. ശിവസേന നിയമസഭയിലേക്ക് 151 സീറ്റുകള്‍ക്ക് പിടിവാശി പിടിച്ചപ്പോള്‍ ബി ജെ പിക്ക് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായത് 119 സീറ്റുകളാണ്. മുഖ്യമന്ത്രിസ്ഥാനത്തിന് ഇരു കക്ഷികളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമെടുത്തു. ബന്ധം വിച്ഛേദിച്ചതോടെ ശിവസേന തങ്ങളില്‍ നിന്നും തെറ്റിപ്പിരിഞ്ഞ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുമായി കൂട്ടുചേരാന്‍ ചരടുവലി തുടങ്ങിയിട്ടുണ്ട്. മറാഠി വോട്ടുകള്‍ അതുവഴി ഏകോപിപ്പിക്കാന്‍ കഴിയുമെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കരുതുന്നു. മുഖ്യമന്ത്രി മോഹവും ഉദ്ധവിനുണ്ട്.
ഏതായാലും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മഹാരാഷ്ട്രയിലെ ജനവിധി പ്രവചനാതീതമാക്കിയിരിക്കുകയാണ്. ചതുഷ്‌കോണ മത്സരമോ പഞ്ചകോണ മത്സരമോ നടക്കാനാണ് സാധ്യത. ഇങ്ങനെ വരുമ്പോള്‍ ചെറു കക്ഷികള്‍ക്ക് സാധ്യതയേറും. അവരായിരിക്കും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക. അതിനാല്‍ അവരെ പാട്ടിലാക്കാനും കൂടെ നിര്‍ത്താനും പ്രമുഖ കക്ഷികള്‍ നീക്കമാരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പാരമ്പര്യ സഖ്യങ്ങള്‍ ശിഥിലമായതോടെ മുംബൈ, താനെ, പൂനെ, നാസിക് മേഖലകളില്‍ ചെറുകിട പാര്‍ട്ടികളാകും അറുപതോളം സീറ്റുകളില്‍ വിധി നിര്‍ണയിക്കുക. സ്വാഭാവികമായും ഇത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പതിവില്‍ കവിഞ്ഞ വീറും വാശിയും പകരും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാകും മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചൂട് പിടിക്കുക.