Connect with us

Kerala

ഹജ്ജ് യാത്ര സമാപിച്ചു; ഇന്നലെ യാത്രയായത് 798 പേര്‍

Published

|

Last Updated

HAJJ 2014

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് യാത്രക്ക് സമാപനമായി. ഇന്നലെ രണ്ട് വിമാനങ്ങളിലായി 798 ഹാജിമാരാണ് അവസാന സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ പുറപ്പെടേണ്ട മഞ്ചേരി മഞ്ഞപ്പറ്റ മൈലൂത്ത് തൊണ്ടിയില്‍ സുലൈമാന് (73) ശാരീരികാസ്വാസ്ഥ്യം കാരണം യാത്ര പോകാനായില്ല. ഇക്കാരണത്താല്‍ ഭാര്യ റുഖിയയുടെയും യാത്ര മുടങ്ങി. കാലത്ത് ഹജ്ജ് ക്യാമ്പില്‍ എത്തിയ ഇദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യം കാരണം ആദ്യം ഹജ്ജ് ക്യാമ്പിലെ മെഡിക്കല്‍ സെന്ററിലും പിന്നീട് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഈ വര്‍ഷം 35 കുട്ടികള്‍ ഉള്‍പ്പടെ 56,146 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനവും കേരളമാണ്. രണ്ടാം സ്ഥാനം ഗുജറാത്തിനാണ്. ഏറ്റവും കൂടുതല്‍ അപേക്ഷകരുണ്ടൈങ്കിലും കേരളത്തിനു ലഭിച്ച ക്വാട്ട ഗവര്‍മെന്റ് ക്വാട്ടയിലെ 26 ഉം 21 വൊളന്റിയമാരും ഉള്‍പ്പടെ 6,566 മാത്രമാണ്. ഇവരില്‍ 48 പേര്‍ക്ക് മുംബൈ വഴി പുറപ്പെടേണ്ടി വന്നു. ഇവര്‍ ഇന്ന് യാത്ര തിരിക്കും.
കഴിഞ്ഞ 14 നാണ് ഹജ്ജ് യാത്രക്ക് തുടക്കമായത്.15 ദിവസം 19 വിമാനങ്ങളിലായി കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ വഴി 11 കുട്ടികള്‍ ഉള്‍പ്പടെ 6,898 ഹാജിമാര്‍ വിശുദ്ധ ഭൂമിയിലെത്തി. ഇവരില്‍ 299 പേര്‍ ലക്ഷദ്വീപില്‍ നിന്നും 33 പേര്‍ മാഹിയില്‍ നിന്നുമുള്ളവരാണ്.
അനുവദിച്ച ക്വാട്ടയിലും കൂടുതല്‍ ഹാജിമാര്‍ റിസര്‍വ് കാറ്റഗറിയില്‍ തന്നെ ഉള്‍പ്പെട്ടിരുന്നതിനാല്‍ 70 വയസ്സ് പൂര്‍ത്തിയായ അപേക്ഷകരെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കി തുടര്‍ച്ചയായി അപേക്ഷിച്ചും അവസരം ലഭിക്കാത്ത റിസര്‍വ് ബി കാറ്റഗറിയില്‍ നിന്നും നറുക്കെടുത്ത് ഹാജിമാരെ കണ്ടെത്തുകയായിരുന്നു. റിസര്‍വ് കാറ്റഗറിയില്‍ 650 വരെയുള്ളവര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചത്. ജനറല്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ അവസരം ലഭിക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താണ്. റിസര്‍വ് കാറ്റഗറി എ യില്‍ നിന്ന് 2131 പേര്‍ക്കും ബി യില്‍നിന്ന് 4345 പേര്‍ക്കുമവസരം ലഭിച്ചു. റിസര്‍വ് കാറ്റഗറി ബി യില്‍ 3352 പേര്‍ ഇപ്പോഴും അവസരം ലഭിക്കാത്തവരായുണ്ട്. എ കാറ്റഗറിയിലെ 80 പേര്‍ വിവിധ കാരണങ്ങളാല്‍ യാത്ര മാറ്റിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം വിവിധ കാരണങ്ങളാല്‍ മൊത്തം 235 പേര്‍ യാത്ര റദ്ദാക്കി.
ഹജ്ജിനെത്തിയ രണ്ട് പേര്‍ വിശുദ്ധ ഭൂമിയില്‍ മരിച്ചു. ഏറ്റുമാനൂരില്‍ നിന്നുള്ള പി എസ് ഹമീദും കണ്ണൂര്‍ മൗവഞ്ചേരി കെ വി മഹ്മൂദു (74) മാണ് മരിച്ചത്. മഹ്മൂദ് കഴിഞ്ഞ 16 നാണ് ഭാര്യ കുഞ്ഞാമിനക്കൊപ്പം യാത്ര പോയിരുന്നത്.
മുംബൈയില്‍ നിന്ന് ഇന്ന് പുറപ്പെടുന്നവരില്‍ 26 പേര്‍ സ്ത്രീകളാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈകി അവസരം ലഭിച്ചവര്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയതാണ് ഇന്ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന സഈദി എയര്‍ലൈന്‍സിന്റെ എസ് വി 5021 മുബൈ- ജിദ്ദ ചാര്‍ട്ടര്‍ വിമാനം. ഇന്ന് വൈകിട്ട് 6.10 ഈ വിമാനം യാത്ര തിരിക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് സമാപനമാകും.
കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഒക്‌ടോബര്‍ 20 ന് കാലത്ത് 10. 30 ന് കരിപ്പൂരില്‍ തിരിച്ചെത്തും. നവംബര്‍ മൂന്ന് വരെ മടക്ക യാത്ര തുടരും. ഹാജിമാര്‍ക്കുള്ള സംസം വെള്ളം ഹജ്ജ് യാത്ര തുടങ്ങുന്നതിനു മുമ്പ് തന്നെ സഊദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ എത്തിച്ചിരുന്നു. ഹജ്ജ് യാത്ര കുറ്റമറ്റതാക്കാന്‍ കഴിഞ്ഞതായി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest