Connect with us

Business

അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ 45,887 കോടിയുടെ ഇടിവ്

Published

|

Last Updated

ഇന്ത്യന്‍ ഓഹരി വിപണിക്ക് കനത്ത തിരിച്ചടി. ബോംബെ സെന്‍സെക്‌സ് 464 പോയിന്റും നിഫ്റ്റി 153 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. വെള്ളിയാഴ്ച രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി. ജപ്പാന്‍,ഹോംഗ്‌കോംഗ്, കൊറിയ മാര്‍ക്കറ്റുകളും പിന്നിട്ട വാരം തളര്‍ച്ചയിലാണ്.
ചൊവ്വാഴ്ച നടക്കുന്ന റിസര്‍വ് ബേങ്കിന്റെ വായ്പാ അവലോകന യോഗമാണ് ഈ വാരത്തിലെ മുഖ്യ സംഭവം. എങ്കിലും ആര്‍ ബി ഐ പലിശനിരക്കില്‍ കാര്യമായ മാറ്റം വരുത്താന്‍ ഇടയില്ലെന്നാണ് നിഗമനം. വ്യാഴവും വെള്ളിയും വിപണിക്ക് അവധിയാണ്. ഗാന്ധിജയന്തിയും ദസറയും പ്രമാണിച്ചാണിത്.
സെപ്തംബറിലെ വാഹന വില്‍പ്പനയുടെ കണക്ക് ബുധനാഴ്ച അറിയാം. അതിനാല്‍ ഒട്ടോ കമ്പനികളുടെ ഓഹരികള്‍ ശ്രദ്ധാകേന്ദ്രമാകാം. പോയ വാരം കനത്ത തകര്‍ച്ചക്കിടയില്‍ മുന്‍ നിരയിലെ അഞ്ച് കമ്പനികളുടെ വിപണി മുല്യത്തില്‍ 45,887 കോടി രൂപയുടെ ഇടിവുണ്ടായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ സി ഐ സി ഐ, എസ് ബി ഐ. ടി സി എസ്, ഐ ടി സി എന്നിവയാണ് ആ കമ്പനികള്‍.
പിന്നിട്ട വാരം എഫ് എം സി ജി വിഭാഗം ഓഹരികള്‍ മാത്രമാണ് കരുത്ത് നിലനിര്‍ത്താനായത്. അതേസമയം, റിയാലിറ്റി, കാപിറ്റല്‍ ഗുഡ്‌സ്, സ്റ്റീല്‍, ബേങ്കിംഗ്, പെ്രേടാളിയം ഗ്യാസ് വിഭാഗം ഓഹരികള്‍ക്ക് തകര്‍ച്ച നേരിട്ടു. ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, എല്‍ ആന്‍ഡ് റ്റി, ബി എച്ച് ഇ എല്‍ തുടങ്ങിയ ഓഹരികളും തളര്‍ന്നു.
എസ് ആന്‍ഡ് പി ഇന്ത്യയുടെ നിരക്ക് ഉയര്‍ത്തിയത് ആഭ്യന്തര, വിദേശ ഫണ്ടുകളെ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് പ്രേരിപ്പിക്കാന്‍ ഇടയുണ്ട്.
ബോംബെ സെന്‍സെക്‌സ് 27,256 വരെ ഉയര്‍ന്ന ഘട്ടത്തില്‍ ഫണ്ടുകള്‍ ലാഭമെടുപ്പിന് ഇറങ്ങിയതോടെ ബി എസ് ഇ 26,500 ലെ താങ്ങും തകര്‍ത്ത് 26,221 വരെ ഇടിഞ്ഞു. എന്നാല്‍ വാരാന്ത്യം സൂചിക 26,626 ലാണ്.
നിഫ്റ്റിക്ക് 153 പോയിന്റ് നഷ്ടം. 8000 ലെ താങ്ങ് തകര്‍ത്ത് വാരാന്ത്യം 7969 ലാണ്. ഈ വാരം 7679-7513 ല്‍ പോയിന്റില്‍ താങ്ങും 8135-8301 ല്‍ പ്രതിരോധവുമുണ്ട്. ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ സെപ്തംബര്‍ സീരിസ് സെറ്റില്‍മെന്റ് വിപണിയെ സമ്മര്‍ദത്തിലാക്കി. ഏതാണ്ട് നാല് വര്‍ഷമായി ഉയര്‍ത്തിക്കൊണ്ടിരുന്ന ഡീസല്‍ വില കുറയാന്‍ ഇടയുള്ളതായി സൂചനയുണ്ട്.

Latest