Connect with us

Ongoing News

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്ക്

Published

|

Last Updated

കോതമംഗലം: വരയാടുകളെ കാണാന്‍ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാര സീസണായതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ്. ലോകത്തിലെ തന്നെ അപൂര്‍വ കാഴ്ചയായ രാജമലയിലെ വരയാടുകളെ കാണുവാന്‍ മൂന്നാറിലെത്തുന്നത്.
ഈ മാസം മുതല്‍ മെയ് വരെയുള്ള വിനോദസഞ്ചാര സീസണില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലം രാജമലയില്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. വരയാടുകളുടെ പ്രസവകാലമായതിനാലാണ് ഈ സീസണില്‍ സന്ദര്‍ശകരെ അനുവദിക്കാത്തത്.
ഇക്കാരണം കൊണ്ട് തന്നെ വരയാടുകളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെത്താറില്ല. ഇരവികുളം നാഷനല്‍ പാര്‍ക്കിലെ രാജമലയില്‍ ഇത്തവണ 894 വരയാടുകളാണ് പിറന്നത്. ഈ വര്‍ഷം ജൂലൈ 21 മുതല്‍ 28 വരെ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രസാദ് കാര്‍ഷിക സര്‍വകലാശാല ഫോറസ്ട്രി കോളജ് വന്യജീവി വിഭാഗത്തിലെ ഡോ. പി ഒ നമീര്‍, ചീഫ് കോര്‍ഡിലേറ്റര്‍ ഡോ. രാജന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വലുള്ള സംഘമാണ് ഈ വര്‍ഷം പിറന്ന വരയാടുകളുടെ എണ്ണം നിര്‍ണയിച്ചത്.
97 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഇരവികുളം നാഷനല്‍ പാര്‍ക്കിന്റെ ഭൂരിഭാഗവും പുല്‍മേടുകളാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആനമുടി സ്ഥിതിചെയ്യുന്ന ഉരവികുളം നാഷനല്‍ പാര്‍ക്ക് വരയാടുകളുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ പ്രദേശങ്ങളാണ്. ലോകത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളുടെ സംരക്ഷണത്തിന് വേണ്ടത്ര ഇടപെടല്‍ വനം-വന്യജീവി വകുപ്പുകളുടെ ഭാഗത്തുനിന്നും ഇല്ലെന്നു തന്നെയാണ് വന്യജീവി സ്‌നേഹികളുടെ ആരോപണം.
ഇരവികുളം നാഷനല്‍ പാര്‍ക്കില്‍ കടുവ, പുള്ളിപുലി, ചെന്നായ് എന്നിവയുള്ളത് വരയാടുകളുടെ വര്‍ധനവിന് തടസ്സമാവുകയാണെന്നും വന്യജീവി സ്‌നേഹികള്‍ക്ക് പരാതിയുണ്ട്. ദക്ഷിണേന്ത്യയിലെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിന്റെ തനിമ നിലനിറുത്തുന്നതും വിനോദസഞ്ചാരത്തിന് ഏറെ അനുകൂലമായതുമായ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ വരയാടുകളുടെ സംരക്ഷണവും വര്‍ധനവും ഉറപ്പാക്കേണ്ടതുണ്ടെന്നാണ് വന്യജീവിസ്‌നേഹികള്‍ ആവശ്യപ്പെടുന്നത്.

Latest