Connect with us

International

ജപ്പാനിലെ അഗ്നിപര്‍വത സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 30 ആയി

Published

|

Last Updated

ടോക്യോ: ജപ്പാനില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 30 ആയതായി റിപ്പോര്‍ട്ട്. മൗണ്ട് ഓണ്‍ടേക് അഗ്‌നിപര്‍വതമാണ് ശനിയാഴ്ച പൊടുന്നനെ പൊട്ടിത്തെറിച്ചത്. മൂന്ന് കിലോമീറ്ററിലധികം ചാരം പടര്‍ന്നു.
അഗ്നിപര്‍വതത്തിന് മുകളിലേക്ക് സാഹസ യാത്ര നടത്തിയവരാണ് ദുരന്തത്തിന് ഇരയായത്. അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ മുന്നറിയിപ്പുകളൊന്നും അധികൃതര്‍ നല്‍കാത്തതിനാല്‍ പരിസരത്ത് നിന്നവര്‍ക്ക് സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാന്‍ സാധിക്കാതിരുന്നത് അപകടത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു. അഗ്നിപര്‍തത്തില്‍ നിന്ന് വമിച്ച ചാരത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവഴിയുള്ള വിമാനങ്ങള്‍ തിരിച്ചുവിട്ടിട്ടുണ്ട്.
സാഹസിക സംഘം 3067 മീറ്റര്‍ ഉയരത്തിലുള്ള പര്‍വതത്തിന് മുകളില്‍ ശനിയാഴ്ച രാത്രിയില്‍ തങ്ങുകയായിരുന്നു. 250 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മൗണ്ട് ഓണ്‍ടേക്കില്‍ നിന്ന് ചാരവും പുകയും വമിക്കുന്നത് തുടരുകയാണ്.
അഗ്നിപര്‍വത വിസ്‌ഫോടന സാധ്യത ഏറിയ രാജ്യമാണ് ജപ്പാന്‍. ഇവിടെ ഇത്തരം ദുരന്തങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ 1991 മുതല്‍ വലിയ ദുരന്തങ്ങള്‍ സംഭവിച്ചിരുന്നില്ല. വടക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ മൗണ്ട് ഉന്‍സനാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ച അഗ്നിപര്‍വതം.
അഗ്നിപര്‍വതത്തില്‍ കാലാവസ്ഥയും മറ്റ് ലക്ഷണങ്ങളും തികച്ചും അനുകൂലമായതിനാലാണ് ഹൈക്കിംഗിന് ഇറങ്ങിത്തിരിച്ചതെന്നും ക്യാമറകളുമായി വന്‍ ജനക്കൂട്ടം അവിടെയുണ്ടായിരുന്നുവെന്നും ഓണ്‍ടേക്ക് സജീവമാകുന്നതിന് അരമണിക്കൂര്‍ മുമ്പ് താഴെയിറങ്ങിയതിനാല്‍ രക്ഷപ്പെട്ട അമ്പത്തിരണ്ടുകാരനായ സതോഷി സായിതോ പറഞ്ഞു. ഭൂകമ്പമോ ലാവാ ഗന്ധമോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest