Connect with us

Gulf

അബുദാബി വിമാനത്താവളത്തില്‍ ഇത്തിഹാദിനായി പാലം പണിയും

Published

|

Last Updated

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇത്തിഹാദ് എയര്‍വെയ്‌സിന്റെ എയര്‍ബസ് എ380ക്കായി പ്രത്യേക പാലം പണിയും. അബുദാബിയുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദിന്റെ സൂപ്പര്‍ ജംബോ വിമാനത്തിനായാണ് പ്രത്യേക പാലം പണിയുന്നതെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് ഹോഗന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അബുദാബി എയര്‍പോര്‍ട്ട് കോര്‍പറേഷനുമായി കമ്പനി സഹകരിച്ചു വരികയാണ്. നിലവില്‍ ഇത്തരത്തിലുള്ള ഒരു പാലം ഇത്തിഹാദിന് സ്വന്തമായുണ്ട്. ഒരെണ്ണംകൂടി വിമാനത്താവളത്തില്‍ സ്ഥാപിക്കാനാണ് ശ്രമം. ഇത് അധികം വൈകാതെ യാഥാര്‍ഥ്യമാവുമെന്നാണ് കരുതുന്നത്.
ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 ഡബിള്‍ഡക്കറിന് ഇത്തരം പാലങ്ങള്‍ വിമാനവുമായി ബന്ധിപ്പിച്ചാലെ യാത്രക്കാരുടെ വരവും പോക്കും സുഗമമായി നടത്താനാവൂ. 500 ഓളം യാത്രക്കാരെ വിമാനത്തില്‍ നിന്നു എയര്‍പോര്‍ട്ടിലേക്ക് ബസില്‍ എത്തിക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 20,000 യു എ സ് ഡോളര്‍ ടിക്കറ്റ് നിരക്കുള്ള ഫ്‌ളൈയിംഗ് ഹോട്ടല്‍ സ്വീറ്റ് ഇത്തിഹാദിന്റെ എയര്‍ബസ് എ380 വിമാനത്തിന്റെ പ്രത്യേകതയാണ്. അടുത്ത ഡിസംബര്‍ മാസത്തിലാണ് എയര്‍ബസ് എ380 ആദ്യത്തെ സര്‍വീസ് ലണ്ടനിലേക്ക് നടത്തുക. ദിനേന മൂന്നു സര്‍വീസാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം മുതല്‍ സിഡ്‌നിയിലേക്കും ന്യൂയോര്‍ക്കിലേക്കും എയര്‍ബസ് എ380 സര്‍വീസ് നടത്തും. പത്ത് വിമാനങ്ങള്‍ക്കാണ് ഇത്തിഹാദ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇത്തിഹാദിന് എയെര്‍ ലിംഗസ്, എയര്‍ സെര്‍ബിയ, എയര്‍ ബെര്‍ലിന്‍, എയര്‍ സീഷെല്‍സ്, വെര്‍ജിന്‍ ഓസ്‌ട്രേലിയ, ജറ്റ് എയര്‍, ഡാര്‍വിന്‍ എയര്‍ലൈന്‍ എന്നിവയില്‍ ഓഹരിയുണ്ട്. അടുത്തിടെയാണ് അല്‍ഇറ്റാലിയയില്‍ ഓഹരി നേടിയതെന്നും ജെയിംസ് പറഞ്ഞു.