Connect with us

Palakkad

കോണ്‍ഗ്രസ്-ജനതാദള്‍ സംഘര്‍ഷം; പെരുമാട്ടിയില്‍ ഹര്‍ത്താല്‍

Published

|

Last Updated

ചിറ്റൂര്‍: മൂലത്തറ സര്‍വീസ് സഹകരണ ബേങ്ക് ജനറല്‍ ബോഡി യോഗത്തില്‍ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിനെചൊല്ലിയുള്ള വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, മണ്ഡലം പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്കേറ്റു.
മീനാക്ഷിപുരം ക്ഷീരോത്പാദക സഹകരണസംഘം ഹാളില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയവരുടെ രണ്ടുകാറുകളും ഇരുപതു ബൈക്കുകളും ആക്രമണത്തില്‍ നശിച്ചു.
സാരമായി പരുക്കേറ്റ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, കരുപ്പുത്തുറൈക്കാട് കൃഷ്ണസ്വാമി (50), മാമരത്ത് രങ്കരാജ് (42), സജിത് കുമാര്‍ (35), തണ്ണീര്‍ക്കുണ്ട് വരദര്‍ (50) എന്നീ ജനതാദള്‍- എസ് പ്രവര്‍ത്തകരെ പരുക്കുകളോടെ വിളയോടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ഗ്രസിലെ കാടുകാളിയമ്മന്‍കോവില്‍ ജയപാല്‍ (35), മീനാക്ഷിപുരം ഗോപകുമാര്‍ (30), എല്ലാക്കാട് വീരകുമാര്‍ (25) എന്നിവര്‍ക്കും സംഘട്ടനത്തില്‍ പരുക്കേറ്റു. ഇന്നലെ രാവിലെ പത്തരയ്ക്കാണ് ബേങ്ക് പ്രസിഡന്റ് സുബയ്യ കൗണ്ടറുടെ അധ്യക്ഷതയില്‍ യോഗം തുടങ്ങിയത്.
ഈ സമയത്ത് പെരുമാട്ടി പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ നേരത്തെ എഴുതിക്കൊടുത്തത് ചര്‍ച്ചചെയ്യാതെ മറ്റ ുകാര്യങ്ങളിലേക്ക് നീങ്ങിയതാണ് സംഘട്ടനത്തിനു കാരണമായതെന്ന് കെ സുരേഷ് പറഞ്ഞു.ഇതു കൂടാതെ മീനാക്ഷിപുരത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കു ബാങ്ക് അംഗത്വം നല്‍കാന്‍ നടപടി സ്വീകരിച്ചതായും കെ സുരേഷ് ആരോപിച്ചിരുന്നു.
ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് ആക്രമിക്കപ്പെട്ടതായ വിവരമറിഞ്ഞ് മീനാക്ഷിപുരം, കന്നിമാരി, പാട്ടികുളം, വണ്ടിത്താവളം എന്നിവിടങ്ങളില്‍ അനു”ാവികള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് മീനാക്ഷിപുരം-വണ്ടിത്താവളം റൂട്ടിലോടുന്ന ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ തടഞ്ഞ് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പട്ടഞ്ചേരി- പെരുമാട്ടി പഞ്ചായത്ത് പ്രദേശത്ത് വൈകുന്നേരം ആറുവരെ ഹര്‍ത്താലിനു ആഹ്വാനം നല്‍കിയതോടെ ജനജീവിതം സ്തംിച്ചു. ഹര്‍ത്താല്‍ വിവരം അറിയാതെ എത്തിയ ബസുകളിലെ യാത്രക്കാരെ റോഡില്‍ ഇറക്കിവിട്ടു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ചിറ്റൂര്‍, പുതുനഗരം, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളില്‍നിന്നും പ്രദേശത്ത് കൂടുതല്‍ പോലീസിനെ സ്ഥലത്തെത്തിച്ചു ക്രമസമാധാനം സാധാരണ നിലയിലാക്കി.
കോണ്‍ഗ്രസ്- ജനതാദള്‍-എസ് സംഘട്ടനംമൂലം പ്രദേശത്ത് സംഘര്‍ഷം സംജാതമായിരിക്കുകയാണ്. ഇനിയും പ്രദേശങ്ങളില്‍ രാഷ്ട്രീയ സംഘട്ടന സാധ്യതയുണ്ടെന്നതിനാല്‍ പൂര്‍ണമായും സമാധാന അന്തരീക്ഷം സംജാതമാകുന്നതുവരെ പോലീസ് പട്രോളിംഗ് തുടരണമെന്നും ജനകീയ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

Latest