കാട്ടാനശല്യം തടയാന്‍ കുങ്കിയാന സ്‌ക്വാഡ് വേണം: ജില്ലാ വികസന സമിതി

Posted on: September 28, 2014 11:30 am | Last updated: September 28, 2014 at 11:30 am
SHARE

angry elephantപാലക്കാട്: ജില്ലയില്‍ രൂക്ഷമാകുന്ന കാട്ടാനശല്യം തടയാന്‍ കുങ്കിയാന സ്‌ക്വാഡ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.
ജില്ലയിലെ മിക്ക വന സമീപ മേഖലകളിലും കാട്ടാനശല്യം രൂക്ഷമായതായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവന്‍ എം എല്‍ എമാരും അഭിപ്രായപ്പെട്ടു. ശല്യം തടയാന്‍ പ്രയോഗിക്കുന്ന എല്ലാ നടപടികളും പരാജയമാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് നിലവില്‍ വയനാട്ടിലും നിലമ്പൂരിലും ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച കുങ്കിയാന സ്‌ക്വാഡ് ജില്ലയിലും അനുവദിക്കണം.
കാട്ടാനകളെ തുരത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച ആനകളാണ് കുങ്കിയാനകള്‍. ഇത് സംബന്ധിച്ച പ്രമേയം അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ. അവതരിപ്പിച്ചു. കാട്ടാനകളെ തുരത്തുന്നതില്‍ പ്രതേ്യക പരിശീലനം ലഭിച്ച ആനകളാണ് കുങ്കിയാനകള്‍.
മണ്ണാര്‍ക്കാട്, മുണ്ടൂര്‍, പുതുപ്പരിയാരം, കോങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് പോലുളള സംവിധാനങ്ങളും സൗരോര്‍ജ്ജ വേലികളും വേണ്ടത്ര ഫലപ്രദമല്ലെന്ന് കെ വി വിജയദാസ് എം എല്‍ എ പറഞ്ഞു. പിലാച്ചോല, എടത്തനാട്ടുകര, കണ്ണമംഗലം തുടങ്ങിയ സ്ഥലങ്ങളിലും ശല്യം രൂക്ഷമാണെന്ന് അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു.
മൃഗങ്ങള്‍ കാട്ടില്‍ത്തന്നെ കഴിയുന്നതിന് പദ്ധതികളാവിഷ്‌ക്കരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ ഫോറസ്റ്റ് ഉദേ്യാഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
കരിമ്പ് പോലുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്‍ക്കാട്ടില്‍ നട്ടുവളര്‍ത്തണം. മൃഗങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സദാ ജാഗരൂകമാണെന്നും ജില്ലാകലക്ടര്‍ പറഞ്ഞു. ഇതിന് പുറമെ ജില്ലയിലെ പട്ടിശല്യത്തിനെതിരെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ നെല്ലു സംഭരണത്തിന് തുക ലഭ്യമാക്കുന്നതിന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയെന്ന പ്രചരണം തെറ്റാണെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ എസ് അറുമുഖം അറിയിച്ചു.
നെല്ല് സംഭരിച്ച് 15 ദിവസത്തിനകം തുക നല്‍കുന്നതിനായി 500 കോടി രൂപ നാല് ശതമാനം പലിശ നിരക്കില്‍ കനറാ ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്.
കനറാ ബാങ്കില്‍ അക്കൗണ്ടുളള കര്‍ഷകര്‍ക്ക് പെട്ടെന്ന് തുക ലഭിക്കുന്നതിന് ഇത് പ്രയോജനം ചെയ്യും. എന്നാല്‍ സഹകരണ ബാങ്കുകള്‍ വഴി തുക ലഭിക്കുന്നതിന് ഗവണ്‍മെന്റ് പണമനുവദിക്കുന്ന മുറയ്ക്ക് മാത്രമേ പറ്റൂ എന്നും അദ്ദേഹം അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും നെല്ല് സംഭരണം തുടങ്ങിക്കഴിഞ്ഞതായും കഴിഞ്ഞ സീസണിലെ 240 കോടി രൂപ കൊടുത്തു തീര്‍ത്തതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സഹകരണ ബാങ്കുകള്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ചെയ്യുന്ന സേവനങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കിലെന്ന് എം എല്‍ എ മാര്‍ പറഞ്ഞു.