Connect with us

Wayanad

ചെറുകിട വ്യവസായിക സംരംഭക കേന്ദ്രം നോക്കുകുത്തിയാകുന്നു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വ്യാവസായിക സംരംഭങ്ങളോടുള്ള അധികൃതരുടെ അവഗണനക്ക് ഉദാഹരണമായി മാറുകയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ വ്യാവസായിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യാവസായിക സംരംഭക കേന്ദ്രം. 1975ല്‍ കോട്ടക്കുന്നില്‍ പുല്‍പ്പള്ളി റോഡിനു സമീപമാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം സ്ഥാപനത്തിലേക്കു ഇതുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോയുടെ കെട്ടിടങ്ങളില്‍ പത്തും ജില്ലാ വ്യവസായകേന്ദ്രത്തിന്റെ കെട്ടിടങ്ങളില്‍ നാലുമടക്കം 14 ചെറുകിട വ്യാവസായിക സംരംഭക യൂനിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങളിലായി സ്ത്രീകളടക്കം 120ഓളം പേരാണ് ജോലി ചെയ്യുന്നത്.
അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് വ്യവസായ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബധിക്കുന്നത്. ജീവനക്കാര്‍ക്ക് ആവശ്യമായ കുടിവെള്ളമോ ടോയ്‌ലെറ്റ് സൗകര്യങ്ങളോ ഇല്ല. കാലപ്പഴക്കത്താല്‍ തകര്‍ച്ച നേരിടുന്ന കെട്ടിങ്ങളിലാണ് പല സംരംഭക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ചുറ്റുമതിലുകള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധരും ഇവിടം താവളമാക്കുന്നു. പല കെട്ടിടങ്ങളും കാടുമൂടിയ നിലയിലാണുള്ളത്. വ്യാവസായിക കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംരംഭകര്‍ അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഏറ്റവുമൊടുവില്‍ സിഡ്‌കോ ചെയര്‍മാന്‍ രണ്ടുവര്‍ഷം മുമ്പ് ഇവിടം സന്ദര്‍ശിച്ചപ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ ജില്ലയിലെ ഏക ചെറുകിട വ്യാവസായിക കേന്ദ്രത്തെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാവണമെന്നാണ് ആവശ്യം.