Connect with us

Wayanad

വയനാട്ടില്‍ വന്‍കിട ജലസേചന പദ്ധതികള്‍ ഇനിയില്ല

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഒരു വന്‍കിട ജലസേചന പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നും ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗം അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
ചുണ്ടാലിപ്പുഴ പദ്ധതിയടക്കമുള്ള വന്‍കിട പദ്ധതികള്‍ തുടങ്ങുമെന്ന രീതിയില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പൊതുജന താല്‍പ്പര്യാര്‍ത്ഥം വികസന സമിതി ഇക്കാര്യം അറിയിച്ചത്.
1970-71 കാലയളവില്‍ കബനിയിലും അനുബന്ധ നദികളിലുമായി ഒമ്പത് വലിയ ജലസേചന പദ്ധതികള്‍ വിഭാവനം ചെയ്തിരുന്നു. ജില്ലയിലെ രണ്ടു സുപ്രധാന ജലസേചന പദ്ധതികളായ ബാണാസുരസാഗറും കാരാപ്പുഴയും ഇനിയും പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ജില്ലയില്‍ ഇനിയൊരു വന്‍കിട ജലസേചന പദ്ധതിയും വേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നയമെന്ന് തന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതായി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു.
പുഴകള്‍ കരകവിയാന്‍ ഇടയില്ലാത്തവിധം ചെറുകിട തടയണകളുടെ ശൃംഖല തീര്‍ത്താവും മേലില്‍ ജില്ലയില്‍ ജലസേചന-ജലസംരക്ഷണ പദ്ധതികള്‍ നടപ്പാക്കുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കര്‍ഷകരുടെയും അഭിപ്രായവും താല്‍പ്പര്യവും മുന്‍നിര്‍ത്തിയാവും തടയണകള്‍ പണിയേണ്ട സ്ഥലം നിര്‍ണ്ണയിക്കുക. മറിച്ച് വന്‍കിട പദ്ധതികള്‍ വരുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകവും വ്യാജവുമാണെന്ന് യോഗം വ്യക്തമാക്കി.