പൂക്കിപറമ്പ്, അഞ്ചപ്പുര ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ച് പൂട്ടാന്‍ ശിപാര്‍ശ ചെയ്യും

Posted on: September 28, 2014 11:20 am | Last updated: September 28, 2014 at 11:20 am
SHARE

Liquorമലപ്പുറം: തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ പൂക്കിപറമ്പ്, പരപ്പനങ്ങാടി അഞ്ചപ്പുര ഔട്ട്‌ലെറ്റുകള്‍ അടച്ച്പൂട്ടുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ സി കെ എ റസാഖാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 

ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന പൂക്കിപറമ്പ് ഔട്ട്‌ലെറ്റും പരപ്പനങ്ങാടി ടൗണില്‍ സ്ഥിതി ചെയ്യുന്ന അഞ്ചപ്പുര ഔട്ട്‌ലെറ്റും അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പൊതുജനങ്ങളും തിരുവോണ ദിവസം മുതല്‍ ഉപവാസ സമരം നടത്തുന്നുണ്ട്. വെട്ടം വില്ലേജില്‍ പരിഹരിക്കാതെ കിടക്കുന്ന പോക്ക് വരവ് കേസുകളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി മമ്മൂട്ടി എം എല്‍ എ ആവശ്യപ്പെട്ടു. അടിയന്തരമായി ബി പി എല്‍ കാര്‍ഡ് അനുവദിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉടന്‍ കാര്‍ഡ് ലഭ്യമാക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു. വീട് നിര്‍മാണത്തിനായി വയല്‍ നികത്താന്‍ ലഭിക്കുന്ന ന്യായമായ അപേക്ഷകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പ്രാദേശിക നിരീക്ഷണ സമിതികള്‍ കാലതാമസമില്ലാതെ അനുമതി നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.