Connect with us

Kozhikode

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകളില്‍ ചോര്‍ച്ച

Published

|

Last Updated

kozhikode medical collegeകോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകളിലെ തകരാറ് കാരണം വന്‍തോതില്‍ ഓക്‌സിജന്‍ പാഴാകുന്നതായി വിവരം. സിലിന്‍ഡറുകളുടെ വാള്‍വിനുള്ള തകരാറാണ് മാസംതോറും ലക്ഷക്കണക്കിന് രൂപയുടെ ഓക്‌സിജന്‍ നഷ്ടപ്പെടാനിടയാക്കുന്നത്. ആശുപത്രിയില്‍ ദിനേന 200 ഓളം സിലിന്‍ഡറുകളാണ് വേണ്ടത്. രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയ ശേഷം വാള്‍വ് അടച്ചാല്‍ തന്നെ വാള്‍വിനിടയിലൂടെ ഓക്‌സിജന്‍ പാഴാകുകയാണ്. ആശുപത്രിയിലെ ഐ സി യുവിലേക്കും അത്യാഹിത വിഭാഗത്തിലേക്കും മറ്റും പൈപ്പ്‌ലൈന്‍ മുഖേനയാണ് ഓക്‌സിജന്‍ വിതരണം നടക്കുന്നത്. ഈ പൈപ്പുകളിലൂടെ ഓക്‌സിജന്‍ ചോര്‍ന്നുപോകുന്നതായി സിറാജ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ ചോര്‍ച്ച കണ്ടെത്തി നടപടിയെടുത്തത്. 

ആശുപത്രിയില്‍ വിതരണം ചെയ്യുന്ന ഓക്‌സിജന്‍ സിലിന്‍ഡറുകളില്‍ വാതകത്തിന്റെ സ്റ്റോക്ക് അറിയുന്നതിനുള്ള മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കാണ് ഓക്‌സിജന്‍ കൊടുക്കുകയെന്നിരിക്കെ വാതകം തീരുന്ന മുറക്ക് പുതിയ സിലിന്‍ഡര്‍ വരുന്നത് വരെ കാത്തിരിക്കുകയേ രക്ഷയുള്ളൂ. ഈ പ്രശ്‌നം പലപ്പോഴും രോഗിയുടെ മരണത്തിന് വരെ കാരണമാകുന്നതായി ആശുപത്രി ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സിലിന്‍ഡറില്‍ ഓക്‌സിജനില്ലെന്ന വിവരം രോഗിയുടെ ബന്ധുക്കള്‍ അറിയാതെയാണ് ജീവനക്കാരിത് കൈകാര്യം ചെയ്യുന്നത്. ബന്ധുക്കള്‍ വിവരമറിഞ്ഞാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന ഭയത്തിലാണ് നഴ്‌സുമാരും മറ്റ് ജീവനക്കാരും. ഇതിന് മുമ്പ് പൈപ്പ്‌ലൈന്‍ വഴി ഐ സി യു വിലേക്കും മറ്റുമുളള ഓക്‌സിജന്‍ ലൈനില്‍ വാതകം നിലച്ചത് പ്രശ്‌നമായിരുന്നു. സിലിന്‍ഡറില്‍ വാതകം തീര്‍ന്നത് ബന്ധപ്പെട്ട ജീവനക്കാരന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

Latest