Connect with us

Kozhikode

കോരപ്പുഴയിലും മൂരാടും പുതിയ പാലങ്ങള്‍ നിര്‍മിക്കണം

Published

|

Last Updated

കോഴിക്കോട്: നിലവിലുള്ള കോരപ്പുഴ-മൂരാട് പാലങ്ങള്‍ക്ക് പകരം പുതിയ പാലങ്ങള്‍ നിര്‍മിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇപ്പോള്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ താത്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂവെന്നും ഓരോ ദിവസവും ഈ പാലങ്ങളിലൂടെ ഗതാഗതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും വിഷയം അവതരിപ്പിച്ച് സി കെ നാണു എം എല്‍ എ പറഞ്ഞു കാലപ്പഴക്കം കാരണം ഈ പാലങ്ങള്‍ ദുര്‍ബലമായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
കലാരംഗത്ത് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഓരോ ഹൈസ്‌കൂളുകളില്‍ ആര്‍ട്ട് ഗ്യാലറിയും വിദഗ്ധരുടെ കലാ പരിശീലനവും നല്‍കാന്‍ കേരള ലളിതകലാ അക്കാദമി സന്നദ്ധമായ കാര്യം ഉപവിദ്യഭ്യാസ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയിന്‍ അറിയിച്ചു. ഈ പദ്ധതി പ്രകാരം ജില്ലയിലെ 13 സ്‌കൂളുകള്‍ നിര്‍ദേശിക്കാന്‍ എം എല്‍ എ.മാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. 50 സെന്റ് സ്ഥലം ലഭ്യമാക്കിയാല്‍ തൊഴില്‍ പരിശീലനത്തിന് കേന്ദ്രം നിര്‍മിക്കാനും സൗജന്യ പരിശീലനം നല്‍കാനും തയ്യാറാണെന്ന് കാനറാ ബേങ്ക് അധികൃതര്‍ യോഗത്തെ അറിയിച്ചു.
സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ സാമൂഹ്യ വനവത്കരണ പദ്ധതിയില്‍ പാഴ്മരങ്ങള്‍ക്ക് പകരം ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, തീരപ്രദേശങ്ങളില്‍ മണ്ണിനെ ദൃഢപ്പെടുത്തുന്ന മുള പോലുള്ള ചെടികള്‍ വെച്ചുപിടിപ്പിക്കുക, വടകര മാഹികനാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുക, എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സില്‍ വൈദ്യുതി വിഛേദിച്ചത് പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ സി എ ലത അധ്യക്ഷത വഹിച്ചു. എം .എല്‍ എ.മാരായ കെ കെ ലതിക, കെ .ദാസന്‍, കെ കുഞ്ഞമ്മത് മാസ്റ്റര്‍, എം കെ രാഘവന്‍ എം പിയുടെ പ്രതിനിധി അരവിന്ദന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിയുടെ പ്രതിനിധി സി വി അജിത്ത്, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അമന്‍ദീപ് കൗര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ രമേശ്കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന്‍ ഹമീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Latest