Connect with us

Kozhikode

മദ്യഷാപ്പ് അടപ്പിക്കാന്‍ നാട്ടുകാരുടെ ശയനപ്രദക്ഷിണം

Published

|

Last Updated

ബാലൂശ്ശേരി: കൈരളി റോഡിലെ വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മദ്യഷാപ്പ് വിരുദ്ധ സമിതി നടത്തുന്ന ബഹുജന സമരത്തിന്റെ ഭാഗമായി ബാലുശ്ശേരിയില്‍ ശയനപ്രദക്ഷിണം നടത്തി. വൈകീട്ട് നാലിന് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ഇരുപതോളം പ്രവര്‍ത്തകര്‍ മദ്യഷാപ്പ് പരിസരത്തേക്ക് നടത്തിയ പ്രദക്ഷിണത്തില്‍ ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകള്‍ പങ്കാളികളായി. ടൗണിലെ ചില ഭാഗങ്ങളില്‍ വ്യാപാരികള്‍ കടകളടച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ദീര്‍ഘകാലമായി മദ്യഷാപ്പ് വിരുദ്ധ സമിതി വിവിധ സമരമുറകള്‍ സ്വീകരിച്ചു വരികയായിരുന്നു. കഴിഞ്ഞ 17 മുതലാണ് അന്തിമ സമരമെന്ന നിലയില്‍ മദ്യഷാപ്പ് പരിസരത്ത് സത്യഗ്രഹം തുടങ്ങിയത്. സമരത്തില്‍ ബാലുശ്ശേരി സോണ്‍ എസ് വൈ എസും നരിക്കുനി ഡിവിഷന്‍ എസ് എസ് എഫും മറ്റ് നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും പിന്തുണയുമായെത്തി. എന്നാല്‍ അധികാരികള്‍ സമരത്തെ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് ശയനപ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ മദ്യഷാപ്പ് പിക്കറ്റിംഗ് നടത്തി അറസ്റ്റ് വരിക്കാനും തീരുമാനിച്ചതായി സമരസമിതി കണ്‍വീനര്‍ ഭരതന്‍ പുത്തൂര്‍വട്ടം അറിയിച്ചു. സമരസമിതി നേതാക്കളായ ടി എ കൃഷ്ണന്‍, ടി എം രവീന്ദ്രന്‍, പ്രൊഫ. ഒ ജെ ചിന്നമ്മ, കെ പി മനോജ് കുമാര്‍, ഹാജി മാഹിന്‍ നെരോത്ത്, സൈബാഷ് അറപ്പീടിക, യു കെ വിജയന്‍, കെ ബീന, എ പി വിലാസിനി, കെ എം ഗോപാലന്‍ നായര്‍ നേതൃത്വം നല്‍കി.

Latest