Connect with us

National

വിധി പറഞ്ഞത് അഞ്ചാമത്തെ ജഡ്ജി

Published

|

Last Updated

ബംഗളൂരു: 11 വര്‍ഷത്തെ നിയമ വ്യവഹാരത്തിനൊടുവില്‍ ജയലളിതക്കെതിരായ വിധി പ്രഖ്യാപിച്ചത് അഞ്ചാമത്തെ മുഴുസമയ ജഡ്ജി. അനധികൃത സ്വത്ത് സമ്പാദന കേസ് ബംഗളൂരുവിലേക്ക് സുപ്രീം കോടതി മാറ്റിയതിന് ശേഷം നാല് ജഡ്ജിമാര്‍ കൈകാര്യം ചെയ്തു. ഒടുവില്‍ ജോണ്‍ മൈക്കിള്‍ കുന്‍ഹയാണ് വിധി പ്രഖ്യാപിച്ചത്.
2003 നവംബറില്‍ സുപ്രീം കോടതി കേസ് ബംഗളൂരുവിലേക്ക് മാറ്റിയതിന് ശേഷം ആദ്യമായി ജസ്റ്റിസ് എ എസ് പച്ചാപുരെയാണ് ഇത് കൈകാര്യം ചെയ്തത്. ജയലളിതക്കെതിരായ രണ്ട് കേസുകള്‍ ഒന്നാക്കി പരിഗണിക്കുമെന്ന സ്വന്തം വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് 2005ലാണ് അദ്ദേഹത്തിന് വീണ്ടും ഇത് പരിഗണിക്കാനായത്. 2007 ജൂലൈയില്‍ അദ്ദേഹം കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറി. തുടര്‍ന്ന് എ ടി മുണോളി ജഡ്ജിയായി വന്നെങ്കിലും ആ കാലത്ത് പറയത്തക്ക നടപടികളുണ്ടായില്ല. തുടര്‍ന്ന് ജസ്റ്റിസ് ബി എം മല്ലികാര്‍ജുനയ്യ നിയമിതനായി. സാക്ഷികളെ വീണ്ടും പരിശോധിക്കുക ജയലളിതയുടെ മൊഴി രേഖപ്പെടുത്തുക തുടങ്ങി നിരവധി പുരോഗതികള്‍ ഈ കാലയളവിലുണ്ടായി. 2012 ആഗസ്റ്റില്‍ ഇദ്ദേഹവും വിരമിച്ചു . 2013 നവംബറില്‍ ജസ്റ്റിസ് എം എസ് ബാലകൃഷ്ണ ചുമതലയേല്‍ക്കുകയും മറ്റ് മൂന്ന് കുറ്റാരോപിതരുടെയും മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. വാദം കേള്‍ക്കല്‍ ഏതാണ്ട് പൂര്‍ത്തിയായ അവസരത്തില്‍ ജഡ്ജിയുടെയും പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി ഭവാനി സിംഗിന്റെയും ചില നടപടികള്‍ വിവാദമായി. എന്നാല്‍ സുപ്രീം കോടതി ജഡ്ജിയുടെ നടപടി ശരിവെക്കുകയും റിട്ടയര്‍മെന്റ് ആയെങ്കിലും വിചാരണ പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് ബാലകൃഷ്ണയെ അനുവദിച്ചു. എന്നാല്‍, അദ്ദേഹം വിസമ്മതിക്കുകയും 2013 സെപ്തംബര്‍ 30ന് വിരമിക്കുകയും ചെയ്തു.
തുടര്‍ന്നാണ് ജോണ്‍ മൈക്കിള്‍ കുന്‍ഹ നിയമിതനാകുന്നത്. അദ്ദേഹം വീണ്ടും അന്തിമ വാദം കേട്ടു. മംഗലാപുരം സ്വദേശിയായ കുന്‍ഹ, 2002ല്‍ ജില്ലാ ജഡ്ജിയായി. ധര്‍വാര്‍ഡ്, ബെല്ലാരി, ബംഗളൂരു എന്നിവിടങ്ങളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും രജിസ്ട്രാറിന്റെയും സെക്രട്ടറി അടക്കം വിവിധ ചുമതലകളില്‍ സേവനം ചെയ്തു.