ജയലളിതയുടെ പിന്‍ഗാമി ആര് ? ചര്‍ച്ച മുറുകുന്നു

Posted on: September 28, 2014 9:50 am | Last updated: September 28, 2014 at 5:56 pm
SHARE

JAYALALITHAചെന്നൈ : അനധികൃത സ്വത്തു സമ്പാ ദനക്കേസില്‍ കോടതി ജയലളിതക്ക് നാല് വര്‍ഷം തടവു ശിക്ഷ വിധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം  നഷ്ടപ്പെട്ട ജയലളിതയുടെ പകരക്കാരനാരാവുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉററുനോക്കുന്നു . മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട സാഹചര്യത്തില്‍ആര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍ണമെന്നതു സംബന്ധിച്ച് ജയലളിത ചില തീരുമാനങ്ങളെടുത്തുവെന്നാണ് സൂചന. എന്നാല്‍ അവസാന നിമിഷം വരെ ഇതിന്റെ സസ്‌പെന്‍സ് നിലനിര്‍ത്തുക തലൈവിയുടെ പതിവ് രീതിയാണ്. പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ എ ഐ എഡി എം കെ നിയമസഭാ കക്ഷിയോഗം ചെന്നൈയില്‍ നടക്കുകയാണ്. യോഗത്തില്‍ ജയയുടെ മനസ്സിലിരിപ്പ് എം എല്‍ എ മാരുടെ നിലപാടായി പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. അവിഹിത സ്വത്ത് സമ്പാദ്യ കേസില്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് കഴിഞ്ഞ പാര്‍ട്ടി ഉന്നതല യോഗത്തില്‍ ചില തീരുമാനങ്ങളെടുത്തിരുന്നു. എന്നാല്‍ ജയലളിത അന്തിമാനുമതി നല്‍കുന്നതോടെ മാത്രമെ ഇത് തീരുമാനങ്ങളായി മാറുകയുള്ളൂ.

മൂന്നു പേരെയാണ് പകരക്കാരായി കരുതി വെച്ചിരിക്കുന്നതെന്നാണ് വിവരം. ഇവരാവട്ടെ ജയയുടെ വിശ്വസ്തരും ഉറച്ച അനുയായികളുമാണ്. ധനമന്ത്രി ഒ പനീര്‍ ശെല്‍വത്തിനു തന്നെയാണ് ഇതില്‍ മുന്‍ഗണന. 200ല്‍ താന്‍സി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും പിടിച്ചു നിന്ന ജയലളിതയെ 2001 ല്‍ സുപ്രീംകോടതി അയോഗ്യയാക്കിയപ്പോള്‍ മുഖ്യമന്ത്രിപദവി രാജിവെക്കേണ്ടിവന്നിരുന്നു. മറിച്ചൊന്നും ചിന്തിക്കാതെ അന്നു പകരക്കാരനാക്കിയത് ഒ. പനീര്‍ ശെല്‍വത്തെയാണ്. രണ്ടാമൂഴവും മുഖ്യമന്ത്രി സ്ഥാനം പനീര്‍ ശെല്‍വത്തിന് തന്നെ നല്‍കാനാണ് ജയലളിത നേരത്തെ തന്നെ തീരുമാനിച്ചതെന്നാണ് സൂചന.
നഗരവികസന മന്ത്രി വൈദ്യലിങ്കവും ഗതാഗത മന്ത്രി സെന്തില്‍ ബാലാജിയുമാണ് പകരക്കാരുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കഴിഞ്ഞ പാര്‍ട്ടി ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ടെങ്കിലും വിധി വന്നതിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. എന്നാല്‍ 2001ല്‍ താരതമ്യേന അറിയപ്പെടാത്ത നേതാവായിരുന്ന പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി ഏവരെയും അമ്പരിപ്പിച്ച ജയലളിത വീണ്ടുമൊരു പുതുമുഖത്തിന് അവസരം കൊടുക്കുമെന്നു കരുതുന്നവരുമുണ്ട്. ആര് മുഖ്യമന്ത്രിയായാലും ജയിലില്‍ നിന്ന് ജയലളിത തന്നെയാവും ഭരണം നടത്തുകയെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം . രാഷ്ട്രീയത്തില്‍ സജീവമല്ലാത്തയൊരാളെ പിന്‍ഗാമിയുക്കുമോയെന്നഅഭ്യൂഹവും പരക്കുന്നുണ്ട്. ഇത്തരക്കായൊണ് പരിഗണിക്കുന്നതെങ്കില്‍ മുന്‍ ചീഫ് സെക്രട്ടറി ഷീലാ ബാലകൃഷ്ണനോ, രാജ്യസഭാ എം പി നവനീത കൃഷ്ണനോ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശാലാക്ഷി നെടുഞ്ചഴിയനോ ആണ് സാധ്യത.
കോടതി വിധി തനിക്കെതിരാവുകയാണെങ്കില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ കാണാനും പാര്‍ട്ടിയുടെ നിലപാട് അറിയിക്കാനും പനീര്‍ ശെല്‍വത്തെ ജയലളിത അധികാരപ്പെടുത്തിയതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. പനീര്‍ ശെല്‍വത്തെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യതയായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. നേരത്തെ ജയലളിത അയോഗ്യയായപ്പോള്‍ മുഖ്യമന്ത്രി പദവി കൈയാളിയ പനീര്‍ ശെല്‍വം വീണ്ടും ഇതേ സ്ഥാനത്ത് എത്തിപ്പെടുകയാണെങ്കില്‍ രാഷ്ട്രീയ സ്വാധീനം ശക്തിപ്പെടുമെന്നതിനാല്‍ മറ്റൊരാളെ പരിഗണിക്കപ്പെടാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.