വെള്ളിത്തിര മുതല്‍ ജയിലറ വരെ

Posted on: September 28, 2014 9:32 am | Last updated: September 28, 2014 at 9:42 am
SHARE

jayaaaaaaaaaപുതുമുഖ നടിയില്‍ നിന്ന് തമിഴ് സിനിമ, രാഷ്ട്രീയ മേഖലകളിലെ മുടിചൂടാ മന്നന്‍ എം ജി ആറിന്റെ പ്രിയപ്പെട്ട തങ്കച്ചിയായും മൂന്ന് തവണ മുഖ്യമന്ത്രിയായും തമിഴകത്തെ അടക്കി വാണ കരുത്തുറ്റ പുരട്ചി തലൈവിയായി മാറിയ ജയലളിതാ ജയറാമിന്റെ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ക്കൊപ്പം ചേരുംപടി ചേര്‍ക്കാന്‍ ഏറെ വീഴ്ചകളുമുണ്ടായിട്ടുണ്ട്. 15ാം വയസ്സില്‍ ക്യാമറക്ക് മുന്നിലെത്തിയ ജയലളിത വെള്ളിത്തിരയുടെ രാജ്ഞിയായി മാറുകയായിരുന്നു. വിദ്യാര്‍ഥിനിയായിരിക്കെ അഭിനയത്തില്‍ അനുരക്തയായിരുന്നു അവര്‍. എം ജി ആറുമൊത്ത് 28 സിനിമകള്‍ ചെയ്തിട്ടുണ്ട്.
കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി എം കെയില്‍ നിന്ന് 1983ല്‍ തെറ്റിപ്പിരിഞ്ഞ് എ ഐ എ ഡി എം കെ രൂപവത്കരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പ്രചാരണ സെക്രട്ടറിയായി നിയമിച്ചത് ജയലളിതയെയായിരുന്നു. ഇംഗ്ലീഷിലുള്ള ആശയപ്രകാശന പ്രാവീണ്യം കണ്ട് അവരെ ഒരു വര്‍ഷത്തിനകം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു എം ജി ആര്‍. അധികം വൈകാതെ ഇരുവരും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും 1984ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ജയലളിതയായിരുന്നു. അക്കാലത്ത് അസുഖബാധിതനായ എം ജി ആര്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്നു. 1987 ഡിസംബറില്‍ എം ജി ആര്‍ ദിവംഗതനായപ്പോള്‍ ജയലളിതയായി പാര്‍ട്ടി. എം ജി ആറിന്റെ സംസ്‌കാര ചടങ്ങിനിടെ ഭാര്യ ജാനകിയുടെ അനുയായികള്‍ ജയലളിതയെ പരിഹസിച്ചത് പാര്‍ട്ടിയില്‍ രൂക്ഷമായി ചേരിതിരിവിന് ഇടയാക്കി. രണ്ട് വര്‍ഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ ജയ വിഭാഗമാണ് വിജയിച്ചത്. അങ്ങനെ ജയലളിത ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവുമായി. ഭരണകക്ഷിയായ ഡി എം കെ നടത്തിയ വൃത്തികെട്ട രാഷ്ട്രീയ നാടകമാണ് ജയലളിതയെ അക്രമണോത്സുകയാക്കിയത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
പാര്‍ട്ടിയിലെ ഇരുചേരികളെയും ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കാന്‍ ജയലളിതക്ക് അപ്പോഴേക്കും കഴിഞ്ഞു. 1991ല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായി. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധമുണ്ടാക്കിയ സഹതാപ തരംഗത്തില്‍ മൃഗീയ ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലേറി ജയ. 1991-96 കാലയളവിലാണ് അധികാരത്തിന്റെ ഇടനാഴികളില്‍ അഴിമതികളുടെയും അധര്‍മങ്ങളുടെയും വേലിയേറ്റമുണ്ടായത്. തോഴി ശശികലയുടെ കുടുംബത്തിന്റെ ആധിപത്യമായിരുന്നു സര്‍ക്കാറില്‍. ദത്ത് പുത്രന്‍ വി എന്‍ സുധാകരന്റെ ആര്‍ഭാട വിവാഹവും ഏറെ വിമര്‍ശം ഏറ്റുവാങ്ങി. 1996ലെ തിരഞ്ഞെടുപ്പില്‍ സ്വയംകൃതാനര്‍ഥങ്ങള്‍ എ ഐ എ ഡി എം കെയുടെ കുഴിതോണ്ടി. അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കേസുകളെ തുടര്‍ന്ന് 1996ല്‍ ജയലളിത അറസ്റ്റിലായി. തിരഞ്ഞെടുപ്പ് സഖ്യങ്ങളുടെ സാധ്യത മുതലെടുത്ത് ബി ജെ പിയുമായി കൂട്ടുകൂടി എ ബി വാജ്പയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുടെ ഭാഗമായി. 1999ല്‍ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ആ സര്‍ക്കാര്‍ താഴെ വീണു. സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കിയ ജയ 2001ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറി. ഇത്തവണ മത്സരിക്കാതെയാണ് മുഖ്യമന്ത്രി കസേരയിലെത്തിയത്. എന്നാല്‍, താന്‍സി ഭൂമി കുംഭകോണത്തില്‍ സുപ്രീം കോടതി പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് അധികാരമൊഴിയേണ്ടി വന്നു. വിശ്വസ്തന്‍ ഒ പനീര്‍ശെല്‍വത്തെ ‘മുഖ്യമന്ത്രി’യാക്കി അധികാരം പ്രയോഗിക്കുകയായിരുന്നു ജയലളിത. താന്‍സി കേസില്‍ കുറ്റവിമുക്തയാക്കപ്പെടുകയും അധികാരത്തിലേറുകയും ചെയ്തു. 2006ല്‍ ഡി എം കെയോട് അടി പതറി. എന്നാല്‍ 2011ലെ തിരഞ്ഞെടുപ്പില്‍ എതിരാളികളെ മുഴുവന്‍ നിഷ്പ്രഭരാക്കി അടക്കിവാഴുകയായിരുന്നു ജയലളിതയും പാര്‍ട്ടിയും. ജയലളിത തീര്‍ത്ത സുനാമിയില്‍ എക്കാലത്തെയും പ്രമുഖ ശത്രുവായ ഡി എം കെക്ക് മുച്ചൂടും തകര്‍ന്ന് പ്രതിപക്ഷമാകാന്‍ പോലും സാധിച്ചില്ല. ദേശീയ രാഷ്ട്രീയത്തിലടക്കം ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി അടക്കി വാഴാമെന്ന ആഗ്രഹത്തിന് വീണ്ടും വന്‍ പ്രഹരമേറ്റിരിക്കുകയാണ് അനധികൃത സ്വത്ത് സമ്പാദന കേസിലെ വിധിയിലൂടെ. ചരിത്രം ആവര്‍ത്തിച്ചിരിക്കുന്നു.