നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ

Posted on: September 28, 2014 9:26 am | Last updated: September 28, 2014 at 9:26 am
SHARE

നിയമത്തിന് ആരും അതീതരല്ലെന്ന് തെളിയിക്കുന്നതാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ വിധി. കേസില്‍ കുറ്റക്കാരിയെന്ന് കണ്ടതിനെ തുടര്‍ന്ന് ബംഗളുരു പ്രത്യേക കോടതി ജയക്ക് നാല് വര്‍ഷം തടവ് ശിക്ഷയും നൂറ് കോടി രൂപ പിഴയും വിധിച്ചിരിക്കയാണ്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ജയലളിത. ഇതോടെ അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറ് വര്‍ഷത്തേക്ക് വിലക്കുമുണ്ടാകും. ബംഗളുരു പരപ്പന അഗ്രഹാര ജയിലിലാണ് ജയക്കുള്ള തടവു ശിക്ഷ. കേസിലെ മറ്റു പ്രതികളായ ജയയുടെ തോഴി ശശികല, വളര്‍ത്തു മകന്‍ സുധാകരന്‍, ഇളവരശി എന്നിവര്‍ക്ക് നാല് വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. 10 കോടി രൂപ വീതമാണ് അവരുടെ പിഴ ശിക്ഷ.
1991ല്‍ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായപ്പോള്‍ കേവലം മൂന്ന് കോടി രൂപ മാത്രം സമ്പാദ്യമുണ്ടായിരുന്ന ജയലളിത അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്. 2000 ഏക്കര്‍ ഭൂമി, 30 കിലോ സ്വര്‍ണം, 12,000 സാരികള്‍ എന്നിങ്ങനെ നീളുന്നു അവരുടെ സമ്പാദ്യങ്ങള്‍. ഇവയിലേറെയും 1997ല്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. സുധാകരന്റെ അഞ്ച് കോടി രൂപ മുടക്കിയുള്ള വിവാഹവും പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേവലം ഒരു രൂപ മാത്രമേ ശമ്പളം പറ്റുകയുള്ളുവെന്നായിരുന്നു ആദ്യമായി മുഖ്യമന്ത്രി പദത്തിലേറിയപ്പോള്‍ ജയലളിതയുടെ അവകാശവാദം. മറ്റ് ധനാഗമന മാര്‍ഗങ്ങളൊന്നുമില്ലെന്നിരിക്കെ അവരുടെ വന്‍ സമ്പാദ്യം അനധികൃതവും ഭരണസ്വാധീനം ദുരുപയോഗം ചെയ്തു നേടിയതുമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. രാഷ്ട്രീയ പ്രതിയോഗികളായ ഡി എം കെ കെട്ടിച്ചമച്ചതാണ് കേസെന്ന ജയയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.
1996ല്‍ സുബ്രഹ്മണ്യം സ്വാമിയാണ് ജയലളിതക്കെതിരെ കോടതിയെ സമീപിച്ചത്. പിന്നീട് ഡി എം കെ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 2003ലാണ് കേസിലെ വിചാരണ ബംഗളുരു കോടതിയിലേക്ക് മാറ്റിയത്. 2002 മാര്‍ച്ചില്‍ ജയലളിതയുടെ നേതൃത്വത്തില്‍ എ ഐ എ ഡി എം കെ വീണ്ടും അധികാരത്തിലേറിയ സാഹചര്യത്തില്‍, തമിഴ്‌നാട്ടില്‍ നടക്കുന്ന വിചാരണ നിഷ്പക്ഷമാകില്ലെന്ന ഡി എം കെ നേതാവ് കെ അന്‍പഴകന്റെ ഹരജിയെ തുടര്‍ന്നായിരുന്നു കോടതി മാറ്റം. വിചാരണ തമിഴ്‌നാട്ടിലേക്ക് തന്നെ മാറ്റാനും കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാനും ജയലളിത സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് നിരസിക്കുകയാണുണ്ടായത്.
അഴിമതി സാര്‍വത്രികമാകുകയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ അധികാരത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ വരെ കയറിപ്പറ്റുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും വരെ അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരാകാറുണ്ട്. നിയമം ലംഘിക്കുന്നവര്‍ തന്നെ നിയമ കര്‍ത്താക്കളാകുന്ന സ്ഥിതിവിശേഷം. ഇന്ത്യയില്‍ അടുത്ത കാലത്തായി അഴിമതി പൂര്‍വോപരി വര്‍ധിച്ചതായി ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷനല്‍ നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടും വ്യക്തമാക്കുന്നുണ്ട്.രാഷ്ട്രീയക്കാരാണ് ഏറ്റവും വലിയ അഴിമതിക്കാരെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 75 ശതമാനവും അഭിപ്രായപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയത്തിലെ പ്രമുഖര്‍ അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരാകുമ്പോള്‍, അധികാരത്തിന്റെ സ്വാധീനമുപയോഗിച്ചു രക്ഷപ്പെടാറാണ് പതിവ്. മറ്റുള്ളവരുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കെന്ന നീതിശാസ്ത്രമോതുന്ന നേതാക്കള്‍ സ്വന്തം കാര്യത്തില്‍ നിയമത്തെ അതിന്റെ വഴിക്ക് നീങ്ങാന്‍ അനുവദിക്കാറില്ല. അഴിമതിക്കെതിരെ ഗീര്‍വാണം മുഴക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍, കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നതിനുള്ള നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം നാം കണ്ടതാണ്. അഴിമതിക്കേസുകളില്‍ രാഷ്ട്രീയ നേതാക്കള്‍ ശിക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്. രാജ്യത്ത് അഴിമതി വര്‍ധിക്കാനുള്ള പ്രധാന കാരണവുമിതാണ്. പിടിക്കപ്പെട്ടാല്‍ രാഷ്ട്രീയ സ്വാധീനം കൊണ്ടു രക്ഷപ്പെടാമെന്ന കണക്കുകൂട്ടലാണ് പൊതുമുതല്‍ ദുരുപയോഗം ചെയ്യാനും അനധികൃത മാര്‍ഗേണ സമ്പാദിക്കാനും അവര്‍ക്ക് ധൈര്യമേകുന്നത്. നിയമത്തിന്റെ പിടിയില്‍ നിന്ന് ആരും രക്ഷപ്പെടാത്ത സ്ഥിതിവിശേഷമുണ്ടായെങ്കിലേ അഴിമതി നിയന്ത്രിതമാകുകയുള്ളു. ജയലളിതക്കെതിരായ ബംഗളുരു കോടതി വിധി ഈ സാഹചര്യത്തില്‍ ആശ്വാസകരമാണ്.