Connect with us

National

എസ് വൈ എസ് സാന്ത്വന സംഘത്തിന് കാശ്മീരില്‍ വരവേല്‍പ്പ്

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച റിലീഫ് പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടമായ 5000 കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ വിതരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഇതിനായി എസ് വൈ എസ് നേതാക്കളുടെ നേതൃത്വത്തില്‍ ഭക്ഷണ സാമഗ്രികളുമായി കാശ്മീരില്‍ എത്തിയ ആദ്യ ട്രക്കിനെ ശ്രീനഗര്‍ എം പി യും ജമ്മു കാശ്മീര്‍ മുന്‍ ധനകാര്യ മന്ത്രിയുമായ താരീഖ് ഹമീദ് കര്‍റയുടെ നേതൃത്വത്തില്‍ ശ്രീനഗര്‍ മര്‍കസ് യാസീന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ക്യാമ്പസില്‍ സ്വീകരിച്ചു. അഭയാര്‍ഥി ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ഡോക്ടര്‍മാരുള്‍പ്പെട്ട സംഘവും അടുത്ത ദിവസം കേരളത്തില്‍ നിന്ന് യാത്രതിരിക്കും. വീടുകളുടെ പുനര്‍നിര്‍മാണമുള്‍പ്പെടെ ബൃഹദ്പദ്ധതികള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എസ് വൈ എസ് ഏറ്റെടുത്തു നിര്‍വഹിക്കും. എസ് വൈ എസ് ദേശീയ ഘടകമായ എം ഒ ഐയുടെ സഹകരണത്തോടെയും പങ്കാളിത്തത്തിലുമാണ് കാശ്മീരിലെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ശൈഖ് അബൂബക്കര്‍ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള കേരള സുന്നി സംഘടന കാശ്മീര്‍ ജനതയുടെ ഉന്നമനത്തിന് വേണ്ടി ഒരു ദശാബ്ദത്തിലധികമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഈ ദുരിതഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സാന്ത്വനവുമായി എത്തിയ അദ്ദേഹത്തിനും പ്രസ്ഥാനത്തിനും നന്ദിയറിയിക്കാന്‍ വാക്കുകളില്ലെന്നും താരീഖ് ഹാമീദ് കര്‍റ പറഞ്ഞു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ത്വാഹാ തങ്ങളുടെ അധ്യക്ഷതയില്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. എം ഒ ഐ ജമ്മുകാശ്മീര്‍ കോ-ഓര്‍ഡിനേറ്റര്‍ ശൗക്കത്ത് നഈമി പ്രളയാന്തര സ്ഥിതിഗതികള്‍ വിശദീകരിച്ചു. ചടങ്ങില്‍ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പറേറ്റര്‍ ഗുലാം മുഹമ്മദ് അല്ലായി, നൂര്‍ മുഹമ്മീര്‍, മുഹമ്മദ് അസ്‌ലം ഖാന്‍, ഗുലാം മുഹമ്മദ് മീര്‍, എന്നിവര്‍ സംസാരിച്ചു. ശ്രീനഗര്‍ യാസീന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അമീര്‍ ഒളവട്ടൂര്‍ സ്വാഗതവും ഹാഷിം നീലഗിരി നന്ദിയും പറഞ്ഞു.

Latest