Connect with us

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി: ഒരു രൂപ പോലും സഹായം ലഭിച്ചിട്ടില്ല- മന്ത്രി കെ സി ജോസഫ്

Published

|

Last Updated

കൊച്ചി: മലയാള ഭാഷയെ ഒദ്യോഗിക ഭാഷയാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇതിനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മന്ത്രി കെ സി ജോസഫ്. വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളഭാഷക്ക് ലഭിച്ച ശ്രേഷ്ഠഭാഷാ പദവി അംഗീകാരത്തിനപ്പുറം ചുമതല കൂടി വര്‍ധിപ്പിക്കുന്നതാണ്. മലയാളം അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പെങ്കിലും ഔദ്യോഗിക ഭാഷയാക്കി മാറ്റണമായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കൃതമായതിന് പിന്നാലെ ഇത് ചെയ്യേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിലൂടെ 100 കോടി രൂപ ലഭിച്ചുവെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. ഇതിന്റെ പേരില്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
സാഹിത്യകാരന്‍ യു കെ കുമാരന് ബഷീര്‍ സ്മാരക പുരസ്‌കാരവും പി ആര്‍ സൗമ്യക്ക് യുവസാഹിത്യ പുരസ്‌കരാവും ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. പ്രൊഫ. എം കെ സാനു, ജസ്റ്റിസ് കെ സുകുമാരന്‍, വി വി എ ഷുക്കൂര്‍, കാനേഷ് പൂനൂര്‍, കെ എം നാസര്‍, അനീസ് ബഷീര്‍ പ്രസംഗിച്ചു.