Connect with us

Kerala

വീട്ടമ്മക്ക് മര്‍ദനം: എസ് ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്കെതിരെ കേസ്

Published

|

Last Updated

കൊച്ചി: വീട്ടമ്മയെ പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിടയാക്കിയ സംഭവത്തില്‍ എസ് ഐ ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. നാല് പോലീസ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ചേരാനെല്ലൂര്‍ മുന്‍ എസ് ഐ സാംസണ്‍, നാല് വനിതാ പോലീസുകാര്‍, മൂന്ന് പുരുഷ പോലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് ചേരാനെല്ലൂര്‍ സ്റ്റേഷനില്‍ ഇന്നലെ വൈകീട്ട് കേസെടുത്തത്. ദേഹോപദ്രവമേല്‍പ്പിച്ചതിന് ഐ പി സി സെക്ഷന്‍ 323, 324, 325 എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചായിരിക്കും കേസില്‍ തുടരന്വേഷണം നടത്തുക. സംഭവവുമായി ബന്ധപ്പെട്ട് എ എസ് ഐ കുര്യാക്കോസ്, വനിതാ പോലീസുകാരായ സിജു, സന്ധ്യമോള്‍, രേഖ എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ എസ് ഐ. സാംസണ്‍, വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ സുനിത, സി പി ഒ. ശ്രീജി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരടക്കം എട്ടു പേര്‍ക്കെതിരെയാണ് കേസ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐ ജി ചുമതലപ്പെടുത്തിയ ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി സുനില്‍കുമാര്‍ ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് ഐ ജിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടപടിയുണ്ടായിരിക്കുന്നത്. മര്‍ദനത്തിനിരയായ ലീബ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Latest