ആപ്പിള്‍ ട്രി തട്ടിപ്പ്: ചിട്ടിക്ക് രജിസ്‌ട്രേഷനില്ലെന്ന് വിവരാവകാശ രേഖ

Posted on: September 28, 2014 9:11 am | Last updated: September 28, 2014 at 9:11 am
SHARE

appleപാലക്കാട്: ഇടത്-വലത് മുന്നണികളിലെ ചില നേതാക്കളുടെ ഒത്താശയോടെ ആരംഭിച്ച ആപ്പിള്‍ ചിട്ടിക്ക് കേരളത്തില്‍ രജിസ്‌ട്രേഷനില്ലെന്ന് രേഖ. ഇരുമുന്നണി നേതാക്കളുടെയും ഒത്താശയോടെയാണ് രജിസ്‌ട്രേഷനില്ലാതെ ചിട്ടി ആരംഭിക്കാന്‍ സാധിച്ചത് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതക്ക് ചിട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ സമരം സംഘടിപ്പിച്ചത് ചിട്ടി തകര്‍ക്കുക എന്നലക്ഷ്യത്തിലായിരുന്നു വെന്നാണ് സൂചന. ചിട്ടി പൊട്ടിയതോടെ നടത്തിപ്പുകാര്‍ക്ക് ലഭിച്ചത് കോടികള്‍. വിഷയം സരിതയിലൊതുക്കി വന്‍തട്ടിപ്പ് ജനങ്ങളില്‍ നിന്ന് മറക്കുകയായിരുന്നുവെന്ന് ആപ്പിള്‍ ട്രീ ചിട്ടി ഇന്ത്യന്‍ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ആരോപിച്ചു.
കേരളത്തിലെവിടെയും രജിസ്‌ട്രേഷനില്ലാത്ത ചിട്ടി സംസ്ഥാനത്ത് 750 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. 58 കോടി രൂപയുടെ തട്ടിപ്പ് മാത്രമേ നടന്നിട്ടുള്ളു എന്നാണ് കമ്പനി എം ഡി. വിനുകുമാര്‍ കോടതിയില്‍ അറിയിച്ചത്. കേരളത്തിലുടനീളം 88 ബ്രാഞ്ചുകളുള്ള കമ്പനിയുടെ തട്ടിപ്പ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ചതാകട്ടെ മണ്ണാര്‍ക്കാട്ടെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും. ഇതുതന്നെ തട്ടിപ്പ് പുറത്ത് വരാതിരിക്കാനുള്ള സര്‍ക്കാറിന്റെ നീക്കമാണ് വ്യക്തമാക്കുന്നത്.
സോളാര്‍ കേസില്‍ സരിത ജാമ്യത്തിലിറങ്ങിയതോടെ ആപ്പിള്‍ ട്രി ചിട്ടി എം ഡിയും ബന്ധപ്പെട്ടയാളും ഒളിവില്‍പോയതായി ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ ആരോപിച്ചു. ജനങ്ങളുടെ പണം രാഷ്ട്രീയ നേതാക്കളുടെ കൈകളിലേക്ക് എളുപ്പത്തിലെത്തിക്കാനും തുടര്‍ന്ന് കേസില്ലാതെ വിഷയം ഒതുക്കിതീര്‍ക്കാനും മുന്നണിതലത്തില്‍ ആലോചന നടന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സോളാര്‍ പാനല്‍ തട്ടിപ്പിലും, ആപ്പിള്‍ ട്രീ തട്ടിപ്പിലും സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ലെങ്കിലും ജനങ്ങള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ പണിയെടുത്തവര്‍ ജനങ്ങളുടെ ഭീഷണിയിലാണ്. ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇതൊന്നും സര്‍ക്കാറിന്റെ വിഷയമല്ലെന്നുള്ള രീതിയാലാണ് അന്വേഷണം നീങ്ങുന്നത്.
കമ്പനി ലിക്വിഡേറ്റ് ചെയ്യണമെന്നാണ് രജിസ്‌ട്രേഷനില്ലാത്ത കമ്പനി ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴിയില്‍ പളിമൂട്ടില്‍ ആര്‍ക്കിഡില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിന്റെ പേരില്‍ ഒരു ചിട്ടിയുടെ സെക്യൂരിറ്റി തുകയായി ഒരു ലക്ഷം രൂപ മാത്രമേ രജിസ്‌ട്രേഷന്‍ ഇനത്തില്‍ അടച്ചിട്ടുള്ളു എന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ കമ്പനിയുടെ എല്ലാ ബ്രാഞ്ചുകളും പൂട്ടിയതായാണ് അന്വേഷണത്തിലറിയുന്നതെന്നും രേഖയില്‍ പറയുന്നു.
സോളാര്‍, ആപ്പിള്‍ ട്രി ചിട്ടി തട്ടിപ്പുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുന്നണികള്‍ കൊണ്ടുവന്ന പണസമാഹരണ പദ്ധതിയുടേ ഭാഗമായിരുന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നവെന്ന് ആക്ഷന്‍ കമ്മിറ്റി കോഡിനേറ്റര്‍ ചന്ദ്രമോഹന്‍ പറഞ്ഞു.