Connect with us

Kerala

സി എക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; ടയര്‍ ഫൈസല്‍ പിടിയില്‍

Published

|

Last Updated

കോട്ടയം: ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന കാസര്‍കോട് എ കെ ജി നഗര്‍ സീതാംഗോളി 159-ാം നമ്പര്‍ വീട്ടില്‍ താമസിക്കുന്ന അബ്ദുല്‍ ഖാദറിന്റെ മകന്‍ ടയര്‍ ഫൈസല്‍ എന്നു വിളിക്കുന്ന ഫൈസല്‍ (25) ആണ് പിടിയിലായത്.
മൂന്ന് മലകള്‍ കയറിയിറങ്ങി പ്രതി താമസിച്ചിരുന്ന, കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ബാളികെ അസീസിന്റെ വനത്തിനുള്ളിലെ ഒളി സങ്കേതത്തില്‍ നിന്നാണ് ഫൈസലിനെ പിടികൂടിയത്. കോട്ടയത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായവരുടെ എണ്ണം അഞ്ചായി. പ്രധാന പ്രതി പൂക്കട്ട നാസര്‍ അടക്കം മൂന്ന് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ കര്‍ണാടകയിലെ വനത്തിനുള്ളില്‍ ഒളിവില്‍ കഴിയുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ ഉപയോഗിച്ച് വാങ്ങിയ പുതിയ പിക്കപ്പ് വാനും സ്വിഫ്റ്റ് കാറും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എതിര്‍ചേരിക്കുനേരെ വെടിവെച്ച കേസിലെ പ്രതിയാണ് ഫൈസല്‍ എന്ന് പോലീസ് പറഞ്ഞു.
മണല്‍ കടത്തുന്നതിനിടയില്‍ പിടികൂടാന്‍ എത്തിയ എസ് ഐയുടെ ജീപ്പ് ടിപ്പര്‍ ലോറിയിലെ മണല്‍കുത്തി മൂടിയ കേസും ഇയാളുടെ പേരില്‍ നിലവിലുണ്ട്. സി എക്കാരനെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയില്‍ ചെയ്തതുപോലെ കണ്ണൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയ കേസിലും ഫൈസല്‍ പ്രതിയാണ്.
ബാബറി മസ്ജിദ് സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊള്ളനടത്തിയതിനും ഫൈസലിന്റെ പേരില്‍ കേസ് നിലവിലുണ്ട്. കൂടാതെ ഒട്ടനവധി കൈവെട്ട് കാല്‍വെട്ടു കേസുകളും അടിപിടി കേസുകളിലും ഇയാള്‍ പ്രതിയാണ്. ഗുണ്ടാനേതാവ് ബാളികെ അസീസിന്റെ വലംകൈയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഫൈസല്‍. പോലീസ് പിടിയിലായ ഖാദറിന്റെ അക്കൗണ്ടിലാണ് പൂക്കട്ട നാസര്‍ തട്ടിയെടുത്ത പണത്തില്‍ പകുതി നിക്ഷേപിച്ചിരുന്നത്. ഇതുവച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കാന്‍ സാധിച്ചത്.
പൂക്കട്ട നാസറും കിഷോറും മൂന്നാഴ്ച മുമ്പ് പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഞൊടിയിടയില്‍ പോലീസിനെ തള്ളിമാറ്റി ഇവര്‍ രക്ഷപെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്നീട് നാഷനല്‍ ഹൈവേയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ കാറും പോലീസ് കസ്റ്റഡിയിലുണ്ട്.
കഴിഞ്ഞ 13ാം തീയതിയാണ് സി എക്കാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതികളിലൊരാളായ കാസര്‍കോട് കുമ്പള ഉള്‍വാറില്‍ ഖാദറിനെ (29) പിടികൂടിയത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കാസര്‍കോട് ധര്‍മ്മത്തടുക്ക കാരിക്കുണ്ട് കൊച്ചി അശ്‌റഫ് എന്നുവിളിക്കുന്ന മുഹമ്മദ് അശ്‌റഫ് (30), ചെറുവാട് കടപ്പുറം ഫിഷറീസ് കോളനിയില്‍ താമസിക്കുന്ന കരാട്ടെ ഹസനാര്‍ (47), ഫോര്‍ട്ടുകൊച്ചി പുളിക്കല്‍ ഗോഡ്‌സണ്‍ എന്ന യേശുദാസ് ലാസര്‍ (32) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. പൂക്കട്ട നാസറിനെ കൂടാതെ എറണാകുളം സ്വദേശികളായ റിയാസ്, കിഷോര്‍ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ബ്ലാക്ക്‌മെയിലിംഗിന് ഉപയോഗിച്ച രണ്ട് സ്ത്രീകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാസറിനെ പിടികൂടിയാല്‍ മാത്രമേ ഇവരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാകുകയുള്ളു.