ചൈനാവിരുദ്ധ റാലി: ഹോംങ്കോംഗില്‍ 60 പേര്‍ അറസ്റ്റില്‍

Posted on: September 28, 2014 9:00 am | Last updated: September 28, 2014 at 9:00 am
SHARE

rally hong kongബീജിംഗ്: ജനാധിപത്യ അനുകൂലവാദികള്‍ ഹോംങ്കോംഗിലെ സര്‍ക്കാര്‍ ആസ്ഥാനത്തിന് മുമ്പില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ പോലീസ് തുരത്തിയോടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 60ലധികം പേര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്ന് മുപ്പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം പ്രക്ഷോഭകാരികള്‍ ഇപ്പോഴും സര്‍ക്കാര്‍ ആസ്ഥാനത്തിന് ചുറ്റും തമ്പടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
2017ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മുഴുവനായും ജനാധിപത്യരീതി നടപ്പില്‍വരുത്തില്ലെന്ന് ചൈനീസ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരും അടങ്ങുന്ന വന്‍ ജനാവലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാതെയാണ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതെന്നും സമാധാനത്തോടെ നടത്തുന്ന പ്രതിഷേധ നടപടിയെ അനാവശ്യ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും ജനാധിപത്യ അനുകൂലവാദികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സ്വതന്ത്ര അഭിപ്രായപ്രകടനത്തിന് കത്തിവെക്കുന്ന നടപടിയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.