9/11: അഗ്നിശമന സേനാംഗങ്ങളിലെ മൂന്ന് പേര്‍ ഒരേ ദിവസം ക്യാന്‍സര്‍ ബാധിച്ച് മരിച്ചു

Posted on: September 28, 2014 12:51 am | Last updated: September 28, 2014 at 8:57 am
SHARE

world-trade-center-attackന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സമയത്ത് അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അഗ്നിശമന സേനയിലെ മൂന്ന് പേര്‍ ക്യാന്‍സര്‍ ബാധിച്ച് ഒരേ ദിവസം മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇവരുടെ മരണം സംഭവിച്ചതെന്ന് അഗ്നിശമന സേനാ വിഭാഗം പറഞ്ഞു. ഹോവാര്‍ഡ് ബിച്ചോഫ് (58), ഡാനിയല്‍ ഹെഗ്ലണ്ട്(58), റോബര്‍ ലീവര്‍(56) എന്നിവരാണ് മരിച്ചത്. 2003ല്‍ ഇവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. 13 വര്‍ഷം മുമ്പ് അഗ്നിശമന സേനാ വിഭാഗം സെപ്തംബര്‍ 11ന് നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളുടെ രക്തസാക്ഷികളാണ് ഇവരെന്നും ഇവരുടെ മരണം വേദനാപൂര്‍ണമായ അന്നത്തെ ദിവസത്തെ ഓര്‍മിപ്പിക്കുന്നതാണെന്നും അഗ്നിശമന കമ്മീഷണര്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞു. ഈ മൂന്ന് പേരുടെ മരണത്തോടെ, സെപ്തംബര്‍ 11ലെ അപകടത്തെ തുടര്‍ന്നുണ്ടായ വിവിധ രോഗങ്ങള്‍ കാരണം മരിച്ചവരുടെ എണ്ണം 92 ആയി. 2001 സെപ്തംബറില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ 343 അഗ്നിശമനാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.