ഹുസ്‌നി മുബാറകിന് എതിരെയുള്ള കോടതി വിധി നീട്ടിവെച്ചു

Posted on: September 28, 2014 12:49 am | Last updated: September 28, 2014 at 8:51 am
SHARE

husni mubarakകൈറോ: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെയുള്ള കോടതി വിധി നീട്ടിവെച്ചു. അഴിമതി, 2011ല്‍ നടന്ന ജനകീയ വിപ്ലവം അടിച്ചമര്‍ത്താനെന്ന പേരില്‍ നൂറുകണക്കിന് പ്രതിഷേധക്കാരെ കൊലപ്പെടുത്തി എന്നീ കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.
മൂന്ന് പതിറ്റാണ്ട് കാലം ഈജിപ്ത് ഭരിച്ച വ്യക്തിയാണ് ഹുസ്‌നി മുബാറക്കെന്നും ഇദ്ദേഹത്തിനെതിരെ വലിയ തോതില്‍ തെളിവുകള്‍ ഉള്ളതിനാല്‍ വിധി പറയുന്നത് നവംബര്‍ 29ലേക്ക് മാറ്റിയതായും കോടതി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന് പുറമെ, ഏഴ് മുന്‍ പോലീസ് കമാന്‍ഡര്‍മാര്‍, അഴിമതി കേസില്‍ ആരോപണവിധേയരായ അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ അലാ, ജമാല്‍ എന്നിവര്‍ക്കെതിരെയുള്ള കോടതി വിധിയും മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍, താന്‍ ഒരിക്കല്‍ പോലും പ്രതിഷേധക്കാരെയോ ഈജിപ്ത് പൗരന്‍മാരെയോ കൊല്ലാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് കോടതിയില്‍ ഹുസ്‌നി മുബാറക് വ്യക്തമാക്കി. രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെയാണ് താന്‍ പോരാടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2012 ജൂണില്‍, 18 ദിവസം നീണ്ടുനിന്ന ജനകീയ വിപ്ലവത്തിനിടയില്‍ 800ലധികം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇവരെ സംരക്ഷിക്കാന്‍ മുന്നോട്ടുവന്നില്ലെന്ന് കാണിച്ച് ഹുസ്‌നി മുബാറകിനും മുന്‍ ആഭ്യന്തര മന്ത്രിക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.