ഇസ്‌റാഈല്‍ ലക്ഷ്യം വംശീയ ഉന്മൂലനം: അബ്ബാസ്

Posted on: September 28, 2014 12:40 am | Last updated: September 28, 2014 at 8:49 am
SHARE

MIDEAST ISRAEL PALESTINIANS ABBASജറൂസലം: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് ക്രൂരമായ വംശഹത്യയാണെന്ന് ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ തുറന്നടിച്ചു. ഇസ്‌റാഈലിന്റെ നേതാക്കള്‍ക്കെതിരെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പത് ദിവസം ഇസ്‌റാഈല്‍ ഗാസയില്‍ നടത്തിയ മനുഷ്യക്കരുതിയില്‍ 2140ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും കുട്ടികളും നിരപരാധികളായ സാധാരണക്കാരുമായിരുന്നു.
തങ്ങള്‍ക്കത് ഒരിക്കലും മറക്കാനാകില്ല. ഒരിക്കലും മാപ്പ് നല്‍കാനും പറ്റില്ല. യുദ്ധക്കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ, രക്ഷപ്പെടുത്താന്‍ അനുവദിക്കില്ല- കഴിഞ്ഞ ദിവസം യു എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. അമേരിക്കയും നേരത്തെ ഇസ്‌റാഈല്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, നയതന്ത്ര ഭീകരതയാണ് മഹ്മൂദ് അബ്ബാസ് നടത്തുന്നതെന്നും ഉന്നയിച്ച വാദങ്ങള്‍ വെറും ആരോപണങ്ങളാണെന്നും ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ അവകാശപ്പെട്ടു. മഹ്മൂദ് അബ്ബാസ് ഇത്ര രൂക്ഷമായി ഇസ്‌റാഈലിനെതിരെ പ്രസംഗിക്കുന്നത് ആദ്യമായാണ്. വംശഹത്യക്ക് വേണ്ടി യുദ്ധം ചെയ്യാനാണ് ഇസ്‌റാഈല്‍ ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിന്റെ കാതും കണ്ണും തുറന്നിരിക്കുമ്പോള്‍ തന്നെ സമ്പൂര്‍ണമായ യുദ്ധക്കുറ്റമാണ് ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തിയത്. ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 460 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം നിരപരാധികളായിരുന്നു. ഇസ്‌റാഈലിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാകാന്‍ ഫലസ്തീന്‍ തയ്യാറെടുക്കുകയാണ്. 1967ലെ യുദ്ധത്തിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഫലസ്തീന്‍ ജനതയുടെ മണ്ണ് തിരിച്ചുപിടിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടുമെന്നും ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ അബ്ബാസ് മുന്നറിയിപ്പ് നല്‍കി.
മഹ്മൂദ് അബ്ബാസിന്റെ പ്രസംഗത്തോട് വളരെ കരുതലോടെയാണ് അമേരിക്ക പ്രതികരിച്ചത്. ഇത്തരം പ്രസ്താവനകള്‍ പ്രകോപനപരമാണെന്നും സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഇത് സഹായിക്കൂവെന്നും യു എസ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.