മൊബൈല്‍ ടവര്‍: പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമൊരുങ്ങുന്നു

Posted on: September 27, 2014 12:33 pm | Last updated: September 27, 2014 at 12:33 pm
SHARE

മലപ്പുറം: മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമൊരുങ്ങുന്നു. ഇതിനായി രൂപവത്കരിച്ച ജില്ലാതല ടെലികോം കമ്മിറ്റിയുടെ ആദ്യ യോഗം 29ന് ഉച്ചക്ക് 2.30ന് ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേരും.
ജില്ലാ കലക്ടര്‍ ചെയര്‍മാനായും ഡെപ്യൂട്ടി കലക്റ്റര്‍ (ജനറല്‍) കണ്‍വീനറായും ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എക്‌സി. എന്‍ജിനിയര്‍ – പൊതുമരാമത്ത് (റോഡ്‌സ്, കെട്ടിടം), ജില്ലാ പഞ്ചായത്ത് സെക്രട്ടറി, സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ജില്ലാ ഓഫീസര്‍, ടെലികോം എന്‍ഫോസ്‌മെന്റ് ആന്‍ഡ് മോണിറ്ററിങ് സെല്‍സ് (ടേം) പ്രതിനിധി, ബി.എസ്.എന്‍.എല്‍ ജില്ലാ തലവന്‍, ഡെപ്യൂട്ടി ഡയറക്റ്റര്‍ ഓഫ് പഞ്ചായത്ത് എന്നിവര്‍ അംഗങ്ങളുമായാണ് ജില്ലാതല സമിതി രൂപവത്കരിച്ചിട്ടുള്ളത്.
ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരുടെ പരാതികള്‍ക്കും സമിതി പരിഹാരം നിര്‍ദേശിക്കും. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനും സമിതിക്ക് അധികാരമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പക്ഷം പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ശുപാര്‍ശ ചെയ്യാനും സമിതിക്ക് അധികാരമുണ്ട്.