കര്‍ഷക ആനുകൂല്യങ്ങള്‍ തട്ടാന്‍ വ്യാജരേഖ; ചോക്കാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതി

Posted on: September 27, 2014 12:19 pm | Last updated: September 27, 2014 at 12:19 pm
SHARE

കാളികാവ്: വ്യാജ രേഖ ചമച്ച് കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ നാളികേര ഉല്‍പാദക സൊസൈറ്റികളും(സി പി എസ്) ഫെഡറേഷനും ( സി പി എഫ് ) രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തതായി പരാതി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് വ്യാജ രേഖ നിര്‍മിച്ച് ഫെഡറേഷന്‍ രൂപവത്കരിച്ചത്. മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ കെ അബ്ദുല്‍ ഹമീദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം ഹംസ, റിട്ട. തഹസില്‍ദാര്‍ ജോയ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം.
ആഗസ്റ്റ് രണ്ടിന് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹംസ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാളികേര കര്‍ഷകരുടെ യോഗം ഉദ്ഘാടനം ചെയ്തത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനായിരുന്നു.
പഞ്ചായത്തിലെ പ്രമുഖ നാളികേര കര്‍ഷകരായ മാത്യൂ മാസ്റ്റര്‍, റിട്ട. തഹസില്‍ദാര്‍ ജോയ് തോമസ്, എടപ്പെറ്റ മുഹമ്മദലി, അജേഷ്, ജെയ്‌സണ്‍ എന്നിവരാണ് യോഗം വിളിച്ച് ചേര്‍ത്തത്. ഈ യോഗത്തിന്റെ തീരുമാന പ്രകാരം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നാളികേര കര്‍ഷകരുടെ യോഗങ്ങള്‍ ചേര്‍ന്ന് പത്ത് സി പി എസുകളും എല്ലാ സി പി എസുകളും ചേര്‍ന്ന് എം ഹംസ മാസ്റ്റര്‍ പ്രസിഡന്റായി ഫെഡറേഷനും(സി പി എഫും) രൂപവത്കരിച്ചിരുന്നു. ആഗസ്റ്റ് മാസം 13 ന് പത്ത് സി പി എസുകളും മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ ആഗസ്റ്റ് 20ന് കര്‍ഷകരല്ലാത്തവരെ ഉള്‍പ്പെടുത്തിയും നിലവിലെ സി പി എസുകളില്‍ ഭാരവാഹികളായവരുടെതുള്‍പ്പടെ ഒപ്പും മറ്റ് രേഖകളും വ്യാജമായി ചമച്ചും പഞ്ചായത്് പ്രസിഡന്റ് പ്രസിഡന്റായ സി പി എഫും രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തതായിട്ടാണ് പരാതി.
ഹംസമാസ്റ്റര്‍ പ്രസിഡന്റായ സി പി എഫും സി പി എസുകളും കൊച്ചിയിലെ കേര വികസന ബോര്‍ഡില്‍ രജിസ്ടര്‍ ചെയ്യാന്‍ എത്തിയ ഘട്ടത്തിലാണ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പ്രസിഡന്റായ സി പി എഫ് രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയത്. വിവരവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ കര്‍ഷകരല്ലാത്തവരും ആദ്യത്തെ സി പി എസുകളില്‍ ഭാരവാഹികളായവരും ഉള്‍പ്പടെയാണ് ഇവര്‍ നാളികേര ഉല്‍പാദക സൊസൈറ്റികളും ഫെഡറേഷനും രൂപവത്കരിച്ചതായി കണ്ടെത്തിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പ്രസിഡന്റായി രജിസ്റ്റര്‍ ചെയ്ത സി പി എഫും സി പി എസും വ്യാജമായിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. കേരഫെഡിന്റെ നിയമ മനുസരിച്ച് പത്ത് തെങ്ങുകളെങ്കിലുമുള്ള കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കേണ്ട സി പി എസുകള്‍ പലതും വ്യാജമാണ്.
ഉദരംപൊയിലിലെ കേരകര്‍ഷകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മാട്ടറ അബുവിന്റെ ഒപ്പ് വ്യാജമായാണ് ഇട്ടതെന്ന് അദ്ദേഹവും പറഞ്ഞു. വ്യാജ രേഖ ചമച്ച് രജിസ്റ്റര്‍ ചെയ്ത സി പി എസുകള്‍ക്കും സി പി എഫിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു.