Connect with us

Thrissur

വസ്തു നികുതി പിരിവ് ഊര്‍ജ്ജിതമാക്കണം

Published

|

Last Updated

തൃശൂര്‍: ജില്ലയില്‍ പരിഷ്‌ക്കരിച്ച വസ്തു നികുതി പിരിവ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വസ്തു നികുതി പരിഷ്‌ക്കരണം പൂര്‍ണമായും നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ എല്ലാ ഗ്രാമപഞ്ചായ ത്തുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.
ജില്ലയില്‍ ഇതിനോടകം 30 ഗ്രാമപഞ്ചായത്തുകളില്‍ പുതുക്കിയ നിരക്കിലുള്ള വസ്തു നികുതി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തറവിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സുതാര്യമായ മാനദണ്ഡങ്ങളനുസരിച്ചാണ് ഇപ്പോള്‍ വസ്തു നികുതി നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് നികുതിദായകനു തന്നെ തന്റെ കെട്ടിടത്തിന് ചുമത്താവുന്ന നികുതി കണക്ക് കൂട്ടാന്‍ കഴിയും.
2013-14 വര്‍ഷം മുതലാണ് ഈ നികുതി പരിഷ്‌ക്കരണം നിശ്ചയിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നികുതി നിരക്കുകള്‍ നിശ്ചയിക്കാം. എന്നാല്‍ നികുതി പരിഷ്‌ക്കരണം വേണ്ടെന്ന് വെക്കാനോ മാറ്റിവെക്കാനോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. പഞ്ചായത്ത് അധികൃതരും ജീവനക്കാരും പൊതുജനങ്ങളും വസ്തു നികുതി 100 ശതമാനവും പിരിച്ചെടുക്കുന്നതിനുള്ള നടപടികളില്‍ പൂര്‍ണമായും സഹകരിക്കണമെന്നും ഡിമാന്റ് നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് നികുതിദായകര്‍ തുക പഞ്ചായത്ത് ഓഫീസില്‍ ഒടുക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നികുതി പിരിവ് കാര്യക്ഷമമായി നിര്‍വഹിക്കാന്‍ അതത് ഗ്രാമപഞ്ചായത്ത് അധികൃതരും ജീവനക്കാരും പ്രത്യേക ഊന്നല്‍ നല്‍കണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

 

---- facebook comment plugin here -----

Latest