Connect with us

Thrissur

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കുട്ടികള്‍ രക്ഷപ്പെട്ടു

Published

|

Last Updated

തൃശൂര്‍: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കുട്ടികള്‍ രക്ഷപ്പെട്ടു. കുട്ടികളെ ഉപയോഗിച്ചു മോഷണം നടത്തുന്ന സംഘത്തില്‍ നിന്നു മോചിപ്പിച്ച ഝാര്‍ഖണ്ഡിലെ ദന്‍ബാദ് ജില്ലയിലെ ബസ്തി പ്രദേശത്തുള്ള കുട്ടികളാണ് കഴിഞ്ഞ 20ന് രാമവര്‍മ്മപുരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു രക്ഷപ്പെട്ടത്.
കഴിഞ്ഞമാസം 12ന് ഇരുവരെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രക്കാരുടെ പേഴ്‌സ് മോഷ്ടിക്കുന്നതിനിടെ റെയില്‍വേ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും നല്ല നടപ്പിനായി ചില്‍ഡ്രന്‍സ്‌ഹോമിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ ഉപയോഗിച്ചു മോഷണം നടത്തുന്ന അഞ്ച് പേരെ റെയില്‍വേ പോലീസ് പിടികൂടിയിരുന്നു. രണ്ടാഴ്ച മുമ്പ് ഇരുവരുടെയും ബന്ധുക്കളെന്നു പറഞ്ഞ് രണ്ട് പേര്‍ എത്തിയിരുന്നു. മുത്തശിയും അമ്മാവനുമാണെന്ന് പരിചയപ്പെടുത്തിയ ഇവര്‍ക്ക് കുട്ടികളെ വിട്ടുകൊടുത്തില്ല. തിരിച്ചറിയില്‍ കാര്‍ഡും ഇരുവരും തമ്മിലെ ബന്ധം കുറിക്കുന്ന രേഖകളും അടക്കം വന്നാല്‍ കുട്ടികളെ കൊണ്ടുപോകാമെന്ന് പറഞ്ഞതോടെ ബന്ധുക്കള്‍ മടങ്ങി. കുട്ടികളുടെ വീട്ടില്‍ വിവരം അറിയിച്ചിരുന്നു. ഒരാഴ്ച കുടി കാത്തിരുന്നതിന് ശേഷം ഇരുവരെയും നാട്ടില്‍ എത്തിക്കുന്നതിന് ശ്രമിക്കുന്നതിനിടെയാണ് കുട്ടികളെ കാണാതായത്. ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളെ തളച്ചിടാറില്ലെന്നും മറ്റു കുട്ടികളുമായി ഹോമിനകത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ ചാടിപ്പോകുകയായിരുന്നുവെന്ന് ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍. കുട്ടികളെ കാണാനില്ലെന്ന പരാതി വിയ്യൂര്‍ പോലീസ് സ്‌റ്റേഷനില്‍ ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ നല്‍കിയിട്ടുണ്ട്. രണ്ട് കുട്ടികളുടെയും വലതു കൈയ്യില്‍ ഓം എന്ന ചിഹ്നം കുത്തിയിട്ടുണ്ട്. കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് വിയ്യൂര്‍ പോലീസ്.