വിത്ത് മുളച്ചില്ല; കര്‍ഷകര്‍ നെട്ടോട്ടത്തില്‍

Posted on: September 27, 2014 12:13 pm | Last updated: September 27, 2014 at 12:13 pm
SHARE

ഇരിങ്ങാലക്കുട : പൂമംഗലം കൃഷി ഭവന്‍ പെരുവല്ലിപ്പാടം വെസ്റ്റ് പാട ശേഖരത്തിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് ഗുണമേന്മയില്ലാത്ത നെല്‍ വിത്താണെന്ന് വ്യാപക പരാതി.
സര്‍ക്കാര്‍ ഉടമയിലുള്ള സീഡ് അതോറിറ്റി മുഖേനെ ലഭിച്ച വിത്ത് ദിവസങ്ങളോളം കെട്ടിവെച്ചിട്ടും മുളച്ചില്ലെന്നാണ് ആക്ഷേപം. ഇതോടെ നിരവധി കര്‍ഷകര്‍ പ്രതിസന്ധിയിലായി. ദുര്‍ഗന്ധം വമിക്കുന്ന പഴക്കമുള്ള കാഞ്ചന വിത്താണ് ഇക്കുറി അധികൃതര്‍ നല്‍കിയതെന്നാണ് കര്‍ഷക സമിതിയുടെ ആരോപണം. എട്ടുമാസത്തിലേറെ പഴക്കമുള്ള വിത്ത് മുളയ്ക്കാന്‍ പ്രയാസമാണെന്ന് കൃഷിവിദഗ്ധരും പറയുന്നു. പലയിടത്തും വിത്ത് കിട്ടാനില്ല. മിക്ക കര്‍ഷകരും വിത്തിനായി നെട്ടോട്ടത്തിലാണ്. ചില സ്വകാര്യവ്യക്തികള്‍ വന്‍തുകയ്ക്കാണ് വിത്ത് വില്‍കുന്നത്. സംഭവം കൃഷി വകുപ്പധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പകരം വിത്ത് ലഭ്യമാക്കാനോ മറ്റു സഹായം ചെയ്യാനോ തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
അടിയന്തിരമായി പകരം വിത്തോ സഹായമോ നല്‍കണമെന്നും അല്ലാത്ത പക്ഷം പന്ത്രണ്ട് ഹെക്ടറോളം വരുന്ന പാടശേഖരം തരിശിടുമെന്ന് മുന്നറിയിപ്പ് നല്‍കിയ കര്‍ഷകര്‍ മുളയ്ക്കാത്ത വിത്ത് കൃഷിഭവനില്‍ തിരിച്ചേല്‍പ്പിച്ചു.
വിത്ത് മുളക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സീഡ് അതോറിറ്റിയില്‍ വിത്ത് അവശേഷിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് വിത്തിനായി മുടക്കിയ പണം തിരികെ നല്‍കുമെന്നും പൂമംഗലം കൃഷി ഓഫീസര്‍ റെയ്ഹാന പറഞ്ഞു.