Connect with us

Thrissur

വീട്ടുമുറ്റത്ത് കൃഷിയിറക്കി വിജയഗാഥയുമായി നവാസ്‌

Published

|

Last Updated

ചാലക്കുടി: വീട്ടുമുറ്റത്ത് വിളഞ്ഞ് നില്‍ക്കുന്ന വെണ്ടയും വഴുതനയും, പടരാനായി ഒരുക്കിയിട്ടുള്ള പ്ലാസ്റ്റിക് പന്തലില്‍ തൂങ്ങി കിടക്കുന്ന കുമ്പളവും, പച്ചപയറും. ഇളം കാറ്റില്‍ ആടിയുലയുന്ന ചീരയും കൂര്‍ക്കയും….. കുലച്ച് തുടങ്ങിയ നൂറോളം നേന്ത്രവാഴകള്‍……… പുത്തനങ്ങാടി വീട്ടില്‍ നവാസെന്ന ചെറുപ്പക്കാരന്റെ വാടക വീട്ടിലെത്തുന്നവര്‍ക്ക് അത്ഭുതവും ആശ്ചര്യവും നല്‍കുന്ന മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണിത്.
നവാസ് കര്‍ഷകനല്ല, കര്‍ഷക പാരമ്പ്യരവും നവാസിനില്ല. സ്റ്റേജ് ഡെക്കറേഷന്‍ മേഖലയില്‍ ജോലിചെയ്യുന്ന ഈ ചെറുപ്പക്കാരന് കൃഷിയുമായി മറ്റു ബന്ധവുമൊന്നുമില്ല. എങ്കിലും നവാസ് കൃഷിയെ ഇഷ്ടപ്പെടുന്നു. ആ ഇഷ്ടമാണ് പച്ചക്കറികളുടെ രൂപത്തില്‍ ഈ വീട്ടുമുറ്റത്ത് ഹരിതശോഭ നല്‍കുന്നത്. ജോലിയിലുണ്ടാകുന്ന പിരിമുറുക്കത്തില്‍ നിന്നൊരു ആശ്വാസത്തിനായാണ് നവാസ് കൃഷിയിലേക്കിറങ്ങിയത്. ചെടികളെ പരിചരിക്കുന്നതിലൂടെ ഉന്‍മേഷവും ഊര്‍ജ്ജവും ലഭിക്കുന്നതായി നവാസ് അറിഞ്ഞു. ഈ തിരിച്ചറിവാണ് നവാസിനെ കര്‍ഷകനാക്കി തീര്‍ത്തത്. ആറു മാസം മുമ്പാണ് കൃഷിയെ ഗൗരവമായെടുത്തത്. കൃഷിഭവനില്‍ നിന്നും പച്ചക്കറി വിത്തുകള്‍ സംഘടിപ്പിച്ചു.
രാവിലെയും രാത്രിയും നവാസ് കൃഷിയിടത്തിലുണ്ടാകും. പച്ചക്കറി കൃഷി വിജയമായപ്പോള്‍ വാഴകൃഷിയിലും ഒരു കൈനോക്കി. ഇഴജന്തുക്കളുടെ ശല്യമുണ്ടായിരുന്ന ഇരുപത്തിയാറ് സെന്റ് സ്ഥലം വെട്ടിവെളിപ്പിച്ചു. നൂറോളം നേന്ത്രവാഴകള്‍ നട്ടു. ഇപ്പോഴത് കുലക്കുന്ന പരുവത്തിലായി. നവാസിന്റെ കൃഷിയിടത്തിലേക്ക് രാസവളങ്ങള്‍ക്ക് പ്രവേശനമില്ല. ജൈവവളമാണ് ഇവിടെ ഉപയോഗിക്കുന്നത്.
പള്ളികനാലിന് സമീപത്തെ കാനോലി ക്ലബിന് സമീപം പണിക്കാര്‍ക്ക് താമസിക്കാനും ഡെക്കറേഷന്‍ സാമഗ്രികള്‍ സൂക്ഷിക്കാനുമായുള്ള വാടക വീട്ടില്‍ നവാസിനെ കൃഷിയില്‍ സഹായിക്കാനായി മൂന്ന് അന്യസംസ്ഥാനത്തൊഴിലാളികളുമുണ്ട്. ഒപ്പം നവാസിന് പ്രോത്സാഹനം നല്‍കി ഉറ്റ സുഹൃത്തും കാറ്ററിംഗ് സര്‍വീസ് ഉടമയുമായ ജോഷി പുത്തരിക്കലുമുണ്ട്. ഒഴിവ് സമയങ്ങളില്‍ കറങ്ങി നടക്കുന്ന കൂട്ടുകാരുടെ ഇടയിലൊന്നും നവാസിനെ കാണാനാകില്ല. കാരണം നവാസ് കൃഷിയിടത്തില്‍ കര്‍മനിരതനാണ്.

Latest