കഥകളി ആസ്വാദകര്‍ക്കായി ദ്രോണചരിതം അരങ്ങത്തേക്ക്‌

Posted on: September 27, 2014 12:08 pm | Last updated: September 27, 2014 at 12:08 pm
SHARE

കോട്ടക്കല്‍: അരങ്ങിലേക്ക്് പുതിയ ആട്ടക്കഥ അണിയറയിലൊരുങ്ങുന്നു. കോട്ടക്കല്‍ പി എസ് വി നാട്യസംഘമാണ് വേറിട്ട കഥ ആസ്വാദകര്‍ക്ക് മുമ്പില്‍ എത്തിക്കുന്നത്.
ഒരാഴ്ച്ചക്കുളളില്‍ പുതിയകഥ അരങ്ങേറ്റാനുള്ള തിരക്കിട്ട ശ്രമത്തിലാണ് കലാകാരന്‍മാര്‍. കാര്യമായ മാറ്റങ്ങളില്ലാതെ തുടര്‍ന്ന കഥകളിയില്‍ വേറിട്ട കഥയാണ് അരങ്ങിലേക്ക് കൊണ്ടുവരുന്നത്. ക്ഷത്രിയന്‍, ഗുരു എന്നീ നിലകളിലുളള ദ്രോണാചാര്യരുടെ ധര്‍മത്തിന്റെ കഥകളാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്. ആട്ടക്കഥകളില്‍ അപ്രധാനമായിരുന്ന പുരാണ കഥാപാത്രമായ ദ്രോണനെ കേന്ദ്രീകരിച്ചാണ് ആട്ടകഥയുടെ പ്രമേയം. നാട്യ സംഘത്തിലെ തന്നെ വിദ്യാര്‍ഥിയായിരുന്ന വി പി പ്രദീപാണ് ദ്രോണചരിതം എഴുതിയത്.
നാട്യസംഘത്തിന്റെ മുന്‍പ്രധാനധ്യാപകനും കഥകളി ആചാര്യനുമായ കോട്ടക്കല്‍ ചന്ദ്രശേഖരനാണ് നായകവേഷം. കൃപിയായി രാജുമോഹന്‍, പാഞ്ചാലവേഷത്തില്‍ സുധീര്‍, ഏകലവ്യനായി ദേവദാസ്, അര്‍ജുനനായി കേശവന്‍ കുണ്ടലായര്‍, ഭീഷ്മരായി സുനില്‍ എന്നിവരാണ് അരങ്ങില്‍.
അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ആട്ടകഥയുടെ ചൊല്ലിയാട്ടത്തിന് നേതൃത്വം നല്‍കുന്നത് കോട്ടക്കല്‍ ചന്ദ്രശേഖരനും, കേശവന്‍ കുണ്ടലായരുമാണ്. പിന്നണിയില്‍ പ്രസാദ്, വിജയരാഘവന്‍, കെ നാരായണന്‍, എന്‍ നാരായണന്‍, കോട്ടക്കല്‍ രവി, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവരുമുണ്ട്. ആസ്വാദകര്‍ പതിവായി കാണുന്ന കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായി ദ്രോണചരിതം ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് നാട്യസംഘം പ്രവര്‍ത്തകര്‍.