Connect with us

Malappuram

അറബി ഭാഷയിലെ ആദ്യ ടെലിഫിലിം പുറത്തിറങ്ങുന്നു

Published

|

Last Updated

വളാഞ്ചേരി: അറബി ഭാഷയിലെ ആദ്യ ടെലിഫിലിം പുറത്തിറങ്ങുന്നു. കുറ്റിപ്പുറം ബി ആര്‍ സിക്ക് കീഴിലെ യു പി വിഭാഗം അധ്യാപകരുടെ കൂട്ടായ്മയിലൂടെയാണ് ഏഴാം ക്ലാസിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി അറബി ഭാഷയില്‍ ടെലിഫിലിം നിര്‍മാണത്തിന് തീരുമാനമെടുത്തത്.
സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാലയത്തിലെ ഒരു പാഠപുസ്തകത്തെ സിനിമാവിഷ്‌ക്കാരത്തിലേക്ക് മാറ്റുന്നത്. സംഭാഷണം, ഗാനങ്ങള്‍ എന്നിവയെല്ലാം അറബിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.””ലായാ സാറ” എന്ന പേരിലറിയപ്പെടുന്ന അറബി ഭാഷയില്‍ കേരളത്തിലിറങ്ങുന്ന ആദ്യ ടെലിഫിലിമില്‍ അഭിനയിക്കുന്നത് കുറ്റിപ്പുറം സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ അറബി പഠിക്കുന്ന വിദ്യാര്‍ഥിളാണ്. ട്രാഫിക് നിയമങ്ങളും റോഡപകടങ്ങളും അടങ്ങിയതാണ് ടെലിഫിലിം പ്രമേയങ്ങള്‍. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളിലും പ്രസ്തുത സന്ദേശം എത്തിക്കുന്നതിനും പാഠഭാഗങ്ങള്‍ കമ്പ്യൂട്ടറിലൂടെ പഠിപ്പിക്കുന്നതിനുമായി ടെലിഫിലിം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറുവാനും ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു.
അധ്യാപകരായ ബാവ കാളിയത്ത് (സംവിധാനം), ജംഷീര്‍ കെ (കഥ), ലത്തീഫ് (തിരക്കഥ), ശരീഫ് പി, അബ്ദു സമദ് കോയതങ്ങള്‍ (ഗാനങ്ങള്‍), സബാഹ് ഇ പി, ജാഫര്‍ എം കെ, മൊയ്തീന്‍ കുട്ടി എ പി, വഹീദ (സംഭാഷണം), കുറ്റിപ്പുറം ബി ആര്‍ സി (നിര്‍മാണം) എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അഭിനയിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കുറ്റിപ്പുറം ബി ആര്‍ സി യില്‍ നടത്തിയ ശില്‍പശാലയുടെ ഉദ്ഘാടനം ബി ആര്‍ സി ട്രൈനര്‍ പി ജി സുരേശ് നിര്‍വഹിച്ചു. എ പി മൊയ്തീന്‍ കുട്ടി, വി ടി അബ്ദു സമദ് കോയതങ്ങള്‍, ബാവ കാളിയത്ത്, ജംശീര്‍ കെ പ്രസംഗിച്ചു.

 

Latest