കേരളോത്സവം പഞ്ചായത്തുകളില്‍ സജീവമാകുന്നു

Posted on: September 27, 2014 12:07 pm | Last updated: September 27, 2014 at 12:07 pm
SHARE

കല്‍പകഞ്ചേരി: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനന്‍ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം പഞ്ചായത്തില്‍ സജീവമാകുന്നു.
യുവതി യുവാക്കളുടെ കലാകായിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളോത്സവം ആരംഭിച്ചത്. ഇതിന്റെ നടത്തിപ്പിന് കൂടുതല്‍ തുക ചെലവഴിക്കുന്നതിന് കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. യുവജനക്ഷേമ ബോര്‍ഡ് നല്‍കുന്ന 15,000 രൂപക്ക് പുറമെ അരലക്ഷം രൂപ വരെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് കേരളോത്സവ നടത്തിപ്പിന് ഇപ്പോള്‍ വിനിയോഗിക്കാം. ഇതിന്റെ ഭാഗമായുള്ള കലാകായിക ഇനങ്ങളിലെ മത്സരമാണ് പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നത്.
വടംവലി, നീന്തല്‍ പോലുള്ള മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടും യുവാക്കളുടെ പങ്കാളിത്ത കുറവ് കേരളോത്സവത്തിന്റെ മാറ്റ് കുറക്കുന്നു. പഞ്ചായത്തുകളില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കേരളോത്സവം നടക്കുന്നത്. ക്ലബ്ബുകള്‍, യുവജന കൂട്ടായ്മകള്‍ എന്നിവകളിലെ അംഗങ്ങളാണ്‍ പ്രധാനമായും ഇതിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
15 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. എന്നാല്‍ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ പഠനത്തിന്‍ ശേഷമുള്ളവരായ യുവജനങ്ങള്‍ക്ക് അവരുടെ കലാകായിക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്ന കേരളോത്സവം നടത്താന്‍ താത്പര്യം കാണിക്കാത്ത പഞ്ചായത്തുകളും സംഘടിപ്പിക്കുന്ന ഭാഗങ്ങളില്‍ ഇതില്‍ നിന്ന് വിട്ട് നില്‍ക്കുന്ന യുവാക്കളും നിരവധിയാണ്. മത്സരത്തില്‍ പങ്കെടുത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് കാര്യമായ പ്രോത്സാഹനം ലഭിക്കാത്തതാണ് യുവജനങ്ങളെ കേരളോത്സവത്തില്‍ നിന്ന് പിന്നോട്ടടിപ്പിക്കാന്‍ കാരണം.