Connect with us

Kozhikode

മലയോരം തസ്‌കരന്‍മാര്‍ താവളമാക്കുന്നു

Published

|

Last Updated

താമരശ്ശേരി: മലയോരം മോഷ്ടാക്കളുടെ താവളമാകുന്നു. താമരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ മേഖലകളിലാണ് മോഷണം നിത്യ സംഭവമാകുന്നത്. മോഷണ ശ്രമത്തിനിടെ അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിന്റെ പിടിയിലായത്. കോടഞ്ചേരി മണിപ്പാല്‍, കണ്ണോത്ത് എന്നിവിടങ്ങളിലെ മൂന്ന് വീടുകളിലും സ്‌കൂളിലും ക്ഷേത്രത്തിലും അടുത്തിടെ മോഷണം നടന്നു. കണ്ണോത്ത് അങ്ങാടിക്ക് സമീപത്തെ കുളമ്പുകാട്ടില്‍ സലീന്‍ ജോസഫിന്റെ വീട്ടില്‍ നിന്ന് മൂന്ന് പവനും 23,000 രൂപയും നഷ്ടപ്പെട്ടു. വെൡമണ്ണ ജി യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കണ്ണോത്ത് പുളിക്കണ്ടത്തില്‍ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് ഒരുപവനാണ് നഷ്ടപ്പെട്ടത്. മണിപ്പാല്‍ ക്ലലിടുക്കില്‍ ജെയ്‌സണ്‍ന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയുമാണ് അപഹരിച്ചത്. ജെയ്‌സണ്‍ന്റെ വീട്ടിലും റബര്‍ഷീറ്റ് വ്യാപാരം നടത്തുന്ന കടയിലും പലപ്പോഴായി മോഷണം നടന്നിട്ടുണ്ട്. പ്രധാന റോഡരികിലുള്ള മൂന്ന് വീടുകളുടെയും മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. പകല്‍ സമയത്ത് ആളില്ലാത്ത വീട് കണ്ടെത്തി രാത്രിയില്‍ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം മോഷണം നടത്തുകയാണ് പതിവ്.
ആവിലോറയിലെ ഒരു വീട്ടില്‍ നിന്ന് ഉച്ചസമയത്ത് യുവതിയുടെ കഴുത്തിലെ മാല പിടിച്ചുപറിക്കാന്‍ ശ്രമം നടന്നിരുന്നു. നാട്ടിന്‍പുറങ്ങളില്‍ രാത്രി കാലങ്ങളില്‍ പോലീസിന്റെ സാന്നിധ്യം ഉണ്ടാകാറില്ലെന്നതാണ് മോഷ്ടാക്കള്‍ക്ക് തുണയാകുന്നത്. പോലീസ് സേനയുടെ എണ്ണവും വാഹനങ്ങളും കുറവായതിനാല്‍ പ്രധാന റോഡുകളില്‍ മാത്രമാണ് രാത്രികാല പട്രോളിംഗ് ഉണ്ടാകുക. നാട്ടിന്‍പുറങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളോ സെക്യൂരിറ്റി സിവിധാനങ്ങളോ ഉണ്ടാകില്ലെന്നതും മോഷ്ടാക്കളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ്. പോലീസ് സഹായത്തോടെ ജനകീയ കൂട്ടായ്മയില്‍ രാത്രികാല പട്രോളിംഗ് ഏര്‍പ്പെടുത്തുന്നപക്ഷം മോഷണം ഒരളവോളം കുറക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Latest