താമരശ്ശേരിയിലെ വിദേശ മദ്യഷാപ്പ് രണ്ടിന് പൂട്ടും

Posted on: September 27, 2014 11:29 am | Last updated: September 27, 2014 at 11:29 am
SHARE

താമരശ്ശേരി: വിദേശ മദ്യഷാപ്പിനെതിരെ താമരശ്ശേരിയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് വിരാമം. ടൗണിന്റെ ഹൃദയഭാഗത്തായി മിനി ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പ് സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ തന്നെ അടച്ചുപൂട്ടും.
ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപത്തായുള്ള വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. രാവിലെ മുതല്‍ ബൈപ്പാസ് റോഡില്‍ മദ്യപാനികളും കരിഞ്ചന്ത വില്‍പ്പനക്കാരും തമ്പടിക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുസ്സഹമാണ്. വാഹനങ്ങള്‍ക്ക് മുന്നിലേക്ക് ഓടിക്കയറുന്ന മദ്യപാനികളുടെ അതിക്രമം പലപ്പോഴും ഏറെ നേരത്തെ ഗതാഗത തടസ്സത്തിനും കാരണമാകാറുണ്ട്. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ നാല് വര്‍ഷം മുന്‍പ് അമ്പായത്തോട് മിച്ച ഭൂമിയിലെ താമസക്കാരനായ യുവാവ് കുത്തേറ്റു മരിച്ചിരുന്നു. ഗ്രാമപഞ്ചായത്തിന്റെ ഡി ആന്‍ഡ് ഒ ലൈസന്‍സില്ലാതെ പരിസരവാസികളുടെ സൈ്വര്യജീവിതം തകര്‍ത്ത് പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പ് രണ്ടര വര്‍ഷം മുമ്പ് അന്നത്തെ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ നേതൃത്വത്തില്‍ പോലീസ് സഹായത്തോടെ അടപ്പിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവുമായി വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മദ്യഷാപ്പ് സ്ഥലം മാറ്റാന്‍ ശ്രമം നടന്നെങ്കിലും പ്രാദേശിക എതിര്‍പ്പ് കാരണം വിഫലമാകുകയായിരുന്നു. ഒക്ടോബര്‍ രണ്ടിന് വിദേശമദ്യഷാപ്പിന് എന്നന്നേക്കുമായി താഴുവീഴും.
വിദേശമദ്യഷാപ്പ് അടച്ചുപൂട്ടാനുള്ള തീരുമാനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വാഗതം ചെയ്തു. ഡി സി സി ജന. സെക്രട്ടറി എ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. വി പി ഗോപാലന്‍ കുട്ടി, പി ഗിരീഷ് കുമാര്‍, എന്‍ കെ വേണുഗോപാല്‍, ടി പി ശരീഫ്, വി പി ഹംജാദ്, വി കെ എ കബീര്‍, സരസ്വതി പ്രസംഗിച്ചു. ടൗണ്‍ വികസന സമിതിയും സ്വാഗതം ചെയ്തു. കെ ടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ. ജോസഫ് മാത്യു, എ എം അബ്ബാസ്, സുകുമാരന്‍, ലക്ഷ്മണന്‍, റാഷി, നൗഫല്‍ പ്രസംഗിച്ചു.