പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രം തുടങ്ങുന്നു

Posted on: September 27, 2014 11:27 am | Last updated: September 27, 2014 at 11:27 am
SHARE

പാലക്കാട്: നഗര സഭയില്‍ അടുത്ത മാസം മുതല്‍ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും.
ഹെല്‍ത്ത് ഡിവിഷന്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് ആരം‘ിക്കുന്ന സംഭരണകേന്ദ്രങ്ങളില്‍ വീട്ടുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും വേര്‍തിരിച്ച് ശുദ്ധീകരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്‍കാം.
രണ്ടാഴ്ചയിലൊരിക്കല്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ നഗരസഭയില്‍ നിന്നു ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും.
പ്ലാസ്റ്റിക്കിനു പുറമെ കുപ്പി, ചില്ലുകള്‍ തുടങ്ങിയ അഴുകാത്ത മാലിന്യങ്ങളും സംഭരിക്കും. ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി ത്വരിതഗതിയിലാക്കാനും തീരുമാനമായി. ബന്ധപ്പെട്ട കമ്പനിയോട് ഒരാഴ്ചയ്ക്കം കരാറില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാറ്റുകള്‍, മണ്ഡപങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു മാത്രമേ സംഭരിക്കും.
മണ്ഡപങ്ങളില്‍ ചെറിയ വെള്ളക്കുപ്പികള്‍ ഉപയോഗിച്ചശേഷം അഴുക്കുചാലില്‍ തള്ളുന്നതിനെതിരെ നടപടിയെടുക്കും.
സിറ്റി ക്ലീനിങ് യൂണിറ്റുകള്‍ മുഖേന ശുചീകരണം നടത്തുന്ന മേഖലകളില്‍ വേര്‍തിരിച്ചുള്ള മാലിന്യശേഖരണം നിര്‍ബന്ധമാക്കും.
നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം, പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം എന്നിവയ്ക്കു പിടിക്കപ്പെട്ടാല്‍ ഉടനടി പിഴ ഈടാക്കും.1000 രൂപയാണു പിഴ.
ഗാന്ധി ജയന്തി ദിനത്തില്‍ നഗരത്തിലെ ഓരോ വാര്‍ഡുകളിലും വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. ഇതിനായി ഓരോവാര്‍ഡിനും 3000 രൂപ തോതില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡിവിഷന്‍ തലത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണ, സംസ്‌കരണ രംഗത്തുള്ള കുടുംബശ്രീ യൂണിറ്റുകളുടെ യോഗം വിളിക്കും. ശുചിമുറി ടാങ്ക്, അഴുക്കുചാല്‍ മാലിന്യങ്ങള്‍ നീക്കാന്‍ സൂപ്പര്‍ സക്കര്‍ മെഷിന്‍ വാങ്ങുന്നതിനായി എംഎല്‍എ ഫണ്ടിന് അപേക്ഷിക്കാനും തീരുമാനിച്ചു.