Connect with us

Palakkad

മലയാളി ഗായകരെ നിര്‍മാതാക്കള്‍ കബളിപ്പിക്കുന്നു; ഉണ്ണി മേനോന്‍

Published

|

Last Updated

പാലക്കാട്: മലയാളത്തിലെ പല ഗായകര്‍ക്കും പാടിയതിന് കൃത്യമായ പ്രതിഫലം ഇന്നും നല്‍കാറില്ലെന്നത് സത്യമായ വസ്തുതയാണെന്ന് പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍. പലരും ഇത് തുറന്ന് പറയാന്‍ മടിക്കുകയാണെന്നും അവസരം നല്‍കിയതിന്റെ പേരിലാണ് ഗായകരോട് ഈ മനോഭാവമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിഫലം പോലും കൃത്യമായി ലഭിക്കാതിരിക്കുന്ന മലയാള സിനിമാ സംഗീത ലോകത്ത് കോപ്പിറൈറ്റ് വരുന്നത് ഗായകര്‍ക്ക് കൂടുതല്‍ പ്രയോജനമാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നണി ഗാനരംഗത്ത് മുപ്പത്തിമൂന്ന് വര്‍ഷം തികയുന്ന ഉണ്ണിമേനോനെ ആദരിക്കുന്നതിനായി സ്വരലയ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ജില്ലയില്‍ എത്തിയതായിരുന്നു ഉണ്ണിമേനോന്‍. സിനിമാസംഗീതത്തില്‍ ഗായകരുടെ പ്രസക്തി നഷ്ടപ്പെടുകയാണ്. കോടിക്കണക്കിന് രൂപാ ചിലവിട്ട് നിര്‍മ്മിക്കുന്ന സിനിമയില്‍ ഗാനങ്ങള്‍ക്കായി നീക്കിവെക്കുന്നത് തുച്ഛമായ സംഖ്യയാണ്. സിനിമയില്‍ ആരു പാടിയാലും മതി എന്ന അവസ്ഥയാണിപ്പോഴുള്ളത്.
കൂടുതല്‍ കാലം മികവുറ്റതായി നിലനില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ സിനിമയിലേക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്ന രീതി മാറിക്കഴിഞ്ഞിരിക്കുന്നു. മുമ്പ് ദിവസങ്ങളെടുത്താണ് സിനിമയിലേക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത്. അതുകൊണ്ട് പാട്ട് മികവുറ്റതാക്കാനും പാട്ടില്‍ ലയിച്ചുചേരാനും കഴിയുമായിരുന്നു. ലൈവ് ഇന്‍്‌സ്ട്രുമെന്റ് ഉപയോഗിച്ചിരുന്നിടത്ത് ഇന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്‌സ് സ്ഥാനം പിടിച്ചു.
റിയാലിറ്റി ഷോകള്‍ പുതിയ ഗായകര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ്. പക്ഷെ ഓരോ റിയാലിറ്റി ഷോകള്‍ അവസാനിക്കുമ്പോഴും അതില്‍ എത്ര പേര്‍ ഇന്നും സജീവമായി രംഗത്തുണ്ട് എന്നത് നമ്മള്‍ പരിശോധിക്കേണ്ടതാണ്. ഒരു സുപ്രഭാതത്തില്‍ ലഭിക്കുന്ന പേരും പ്രശസ്തിയും പണവും വിജയികളില്‍ പലരെയും അഹങ്കാരത്തിന് വഴിവെക്കുന്നുണ്ടേയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. നമുക്ക് സിനിമയെ ആവശ്യമുള്ളത് പോലെ സിനിമയ്ക്കും നമ്മളെ ആവശ്യമാണ്. തേടിപ്പോയാലെ സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുകയുള്ളൂ. അവസരങ്ങള്‍ നമ്മേ തേടിവരുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
മലയാള ഗാനരംഗത്ത് തന്നെ തഴഞ്ഞതിന് ചിലരുടെ ഗുഢാലോചന ഉണ്ടെന്ന് കരുതുനില്ലെന്നും 33 വര്‍ഷം ഗാനരംഗത്ത് നിലനിന്നുവെന്നത് നൂറ് വര്‍ഷം നിലനിന്നപോലെ കരുതുന്നു. അവസരം തേടി ഇന്‍ഡസ്ട്രിയെ താന്‍ സമീപിച്ചില്ലെന്നും തമിഴ് സിനിമയില്‍ പാടുന്നതിനനുസരിച്ച് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും ഉണ്ണിമേനോന്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷത വഹിച്ചു. കൈരളി ടി വി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ടി ആര്‍ അജയന്‍, പ്രസ് ക്ലബ് സെക്രട്ടറി സി ആര്‍ ദിനേശ് പങ്കെടുത്തു.
സ്വരലയയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ ഉണ്ണിമേനോനെ ആദരിക്കുന്ന ഒരു ചെമ്പനീര്‍പൂപോലെ പരിപാടി ഇന്നും നാളെയും പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും ലയണ്‍സ് ക്ലബ് ഓഡിറ്റോയത്തിലുമായി നടക്കും.

Latest