അധികൃതരുടെ ഒത്താശയോടെ തോട് കൈയേറി റിസോര്‍ട്ട് നിര്‍മാണം

Posted on: September 27, 2014 11:24 am | Last updated: September 27, 2014 at 11:24 am
SHARE

തിരുനെല്ലി: തോല്‍പ്പെട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം അനധികൃത റിസോര്‍ട്ട് നിര്‍മാണം തകൃതി. വനപാതയരികില്‍ നിലവിലുള്ള റിസോര്‍ട്ടുകള്‍ക്കോ ഹോംസ്‌റ്റേകള്‍ക്കോ പുതുക്കി നല്‍കാനോ പാടില്ലെന്ന് വനം വകുപ്പ് രേഖാമൂലം തിരുനെല്ലി പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും അധികൃതരുടെ മൂക്കിന് താഴെയാണ് പൊതു തോടിന്റെ ഒഴുക്ക് തസ്സപ്പെടുത്തി ചതുപ്പ് നിലം മൂന്നു മീറ്റര്‍ ആഴത്തിലുള്ള 15ഓളം ഭീമന്‍ കുഴികളെടുത്ത് തൂണുകള്‍ വാര്‍ക്കാന്‍ ഒരുക്കിയിരിക്കുന്നത്.
അതെ സമയം ഇതേ പ്രദേശത്ത് തന്നെ മൂന്നു സെന്റും നാല് സെന്റും കൈയേറി കൃഷിയോഗ്യമല്ലാത്ത കരവയലില്‍ ഷെഡ് കെട്ടി താമസിക്കാനായി തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ മൂന്നു വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയിട്ടും ഇതുവരെ ഇവര്‍ക്ക് ഷെഡ് വെച്ച് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ആക്ഷപമുണ്ട്. അപേക്ഷ നല്‍കിയയാള്‍ മരിക്കുകയും ചെയ്തു. വമ്പന്മാര്‍ ചതുപ്പ് നിലങ്ങളില്‍ മണ്ണിട്ട് നികത്തി കൂറ്റന്‍ വില്ലകള്‍ കെട്ടിപ്പൊക്കുമ്പോള്‍ സാധാരണ കുടുംബങ്ങള്‍ക്ക് ഒരു ഷെഡ്ഡുപോലും നിര്‍മിക്കാന്‍ അനുമതിയില്ലാതെ ദുരിതമനുഭവിക്കുകയാണ്. നിലവില്‍ പൊതു തോടില്‍ നിന്നും ഇരുവശവും ഏഴു മീറ്റര്‍ ദൂരം മാറ്റി വേണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍. എന്നാല്‍ ഇവിടെ നടക്കുന്നത് നിയമം ലംഘിച്ചാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കാലങ്ങളായി ഓര്‍ഗിരി കുന്നില്‍ നിന്ന് ഉത്ഭവിച്ച് ബേഗൂര്‍ വൈല്‍ഡ് ലൈഫിലേക്ക് ഒഴുകുന്ന തോട് കൂടിയാണിത്. വേനല്‍ക്കാലത്ത് വരള്‍ച്ച രൂക്ഷമാകുമ്പോള്‍ വന്യജീവികളുടേയും പ്രദേശവാസികളുടേയും ആശ്രയം കൂടിയാണീ തോട്. ഈ തോടില്‍ നിന്നാണ് ലോഡ് കണക്കിന് മണല്‍ വാരി പ്രദേശത്തുള്ള റിസോര്‍ട്ടുകളുടേയും ഹോംസ്‌റ്റേകളുടേയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. നാള്‍ക്കുനാള്‍ അധികാരികളുടെ ഇടപെടല്‍ മൂലം അധികൃതരുടെ റിസോര്‍ട്ടുകള്‍ തിരുനെല്ലി ഭാഗങ്ങളില്‍ വര്‍ധിച്ചു വരുന്നതായും ആരോപണമുണ്ട്.