കുടുംബശ്രീ അഫിലിയേഷന്‍ പുതുക്കി നല്‍കുന്നില്ലെന്ന് പരാതി

Posted on: September 27, 2014 11:24 am | Last updated: September 27, 2014 at 11:24 am
SHARE

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കുടുംബ പുതിയിടത്ത് കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന അനര്‍ഘ കുടുംബശ്രീക്ക് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാന്‍ തയ്യാറാകാത്ത വാര്‍ഡ്‌മെമ്പറര്‍ തങ്കമ്മ യേശുദാസിന്റേയും എഡിഎസ് ഭാരവാഹികളുടേയും നിലപാട് തിരുത്തണമെന്ന് കുടുംബശ്രീ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കുടുംബശ്രീ സെക്രട്ടറി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വാര്‍ഡ് മെമ്പര്‍ക്കെതിരെ മത്സരിച്ചിരുന്നു. ഇതിന്റെ പക പോക്കലിന്റെ ഭാഗമായിട്ടാണ് വാര്‍ഡ് മെമ്പര്‍ കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
കുടുംബശ്രീ യുടെ അഫിലിയേഷന്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിക്കും, സി ഡി എസിനും, വയനാട് ജില്ലാ കുടുംബശ്രീ മിഷനും പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ മിഷന്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും പരാതി പരിഹരിച്ച് അഫിലിയേഷന്‍ പുതുക്കി നല്‍കാന്‍ രേഖാമൂലം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
ഇതിനായി സിഡിഎസ് ഓഫീസില്‍ അപേക്ഷയുമായി പോകുകയും അവിടെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ തടയുകയും ചെയ്തു. ഭക്ഷണമോ വെള്ളമോ കഴിക്കാതെ അഫിലിയേഷനു വേണ്ടി ഓഫീസ് കയറിയിറങ്ങിയ കുടുംബശ്രീ പ്രവര്‍ത്തകരെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
മെമ്പറുടെ പിടിവാശി മൂലം കുടുംബശ്രീ മിഷന്റെ ഉത്തരവ് ഇതുവരെ നടപ്പിലായിട്ടില്ല. നിയമങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് കുടുംബശ്രീ മിഷനെ തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏഴാം വാര്‍ഡ് മെമ്പറും എഡിഎസ്, സിഡിഎസ് ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കണം. അതോടൊപ്പം തന്നെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന
അനര്‍ഘ കുടുംബശ്രീക്ക് അഫിലിയേഷന്‍ പുതുക്കി നല്‍കുകയും വേണം. വാര്‍ത്താ സമ്മേളനത്തില്‍ ലൈജി തോമസ്, എല്‍സി ജോസഫ്, റീന സാജന്‍, ജയശ്രീ ശിവന്‍, റംല ഷെബീര്‍, റുഖിയ കരീം എന്നിവര്‍ പങ്കെടുത്തു.