മാധ്യമ പ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയ ഏ എസ് ഐക്ക് സ്ഥലംമാറ്റം

Posted on: September 27, 2014 11:23 am | Last updated: September 27, 2014 at 11:23 am
SHARE

മാനന്തവാടി: തട്ടിപ്പ് കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ മാധ്യമ പ്രവര്‍ത്തകനോട് അപമര്യാദായായി പെരുമാറിയ ഏഎസ്‌ഐക്ക് സ്ഥലം മാറ്റം.
മാനന്തവാടി ഏഎസ്‌ഐ ആയിരുന്ന പി രവീന്ദ്രനെയാണ് മീനങ്ങാടി സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവാദ സംഭവം നടന്നത്. മുത്തൂറ്റ് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി എറണാകുളം കടത്തുരുത്ത് പറമ്പത്തേരില്‍ ദാനശീലന്‍ എന്ന ദാനവനെയാണ് മാനന്തവാടി ശാഖയില്‍ ഏഎസ്‌ഐയുടെ നേതൃത്വത്തില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നത്. ഇത് വയനാട് വിഷന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ സുരേഷ് തലപ്പുഴ പകര്‍ത്തുന്നതിനിടയില്‍ എഎസ്‌ഐ തടയുകയും അസഭ്യം പറയുകയുമായിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ മാനന്തവാടി പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയിരുന്ന മാനന്തവാടി ഡിവൈഎസ്പി ഏ ആര്‍ പ്രേംകുമാര്‍ ഏഎസ്‌ഐയുടെ ഭാഗത്ത് നിന്നും വീഴ്ച വന്നതായി കണ്ടെത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തതോടെയാണ് സമരം അവസാനിച്ചിരുന്നത്.
വ്യാഴാഴ്ചയാണ് ഏഎസ്‌ഐയെ സ്ഥലം മാറ്റിയ ഉത്തരവ് ഇറങ്ങിയത്.15 ദിവസം മുമ്പാണ് ഏഎസ്‌ഐ മാനന്തവാടി സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ അച്ചടക്ക നടപടി യുടെ ഭാഗമായല്ല സ്ഥലം മാറ്റമെന്നാണ് അധികൃതരുടെ നിലപാട്.