Connect with us

National

ജയലളിതക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ

Published

|

Last Updated

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് നാല് വര്‍ഷം തടവും നൂറ് കോടി രൂപ പിഴയും ശിക്ഷ. ജയലളിത കുറ്റക്കാരിയെന്ന് കണ്ടെത്തി പരപ്പന അഗ്രഹാര ജയില്‍ കോംപ്ലക്‌സിലെ പ്രത്യേക കോടതി ജഡ്ജി ജോണ്‍ മൈക്കേല്‍ ആണ് ശിക്ഷ വിധിച്ചത്. ജയലളിതക്ക് പുറമെ തോഴി ശശികല നടരാജന്‍, ശശികലയുടെ ബന്ധുക്കളായ ഇളവരശി, വളര്‍ത്തുമകന്‍ സുധാകരന്‍ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് നാല് വര്‍ഷം വീതം തടവും പത്ത് കോടി രൂപ പിഴയുമാണ് ശിക്ഷ.

അഴിമതി നിരോധന നിയമത്തിന്റെ 120, 109, 13 (1) ഇ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജയലളിതയടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധനം, പ്രേരണാ കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്‌.

മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചതിനാല്‍ ജയലളിയുടെ മുഖ്യമന്ത്രി പദവിയും എം എല്‍ എ സ്ഥാനവും നഷ്ടമായി. ഇതോടെ രാജ്യത്തെ പ്രമുഖ മുഖ്യമന്ത്രിമാരില്‍ ഒരാളായ ജയലളിതയുടെ രാഷ്ട്രീയ ഭാവിയാണ് ഇരുളടയുന്നത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യയാക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയാണ് ജയലളിത. ഉടന്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയലളിതയെ അല്‍പ്പസമയത്തിനകം പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.

ശിക്ഷ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നലെ തമിഴ്നാട്ടിലെങ്ങും വ്യാപകമായ പ്രതിഷേധമാണ് ഇരമ്പുന്നത്. പലയിടത്തും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ പലതും ജീവനക്കാര്‍ക്ക് ഇന്ന് അടിയന്തര അവധി നല്‍കിയിരിക്കുകയാണ്. എ എെ എ ഡി എം കെ ശക്തികേന്ദ്രങ്ങളില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. കാഞ്ചിപുരത്ത് കമാര്‍ തെരുവിലും ചെന്നെയിലും സര്‍ക്കാര്‍ ബസിന് തീ വെവച്ചതായി കര്‍ണാടകയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  കാഞ്ചിപുരത്ത് നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആത്മാഹുതിക്കുള്ള ശ്രമവും റിപ്പോര്ട്ട് ചെയ്യപ്പെടുന്നു.

അതേസമയം പ്രതിപക്ഷ കക്ഷിയായ ഡി എം കെ സംസ്ഥാനവ്യാപകമായി ആഹ്ലാള പ്രകടനങ്ങള്‍ നടത്തുകയാണ്. ഡിഎംകെ നേതാവ് കരുണാനിധിയുടെ വസതിക്ക് പുറത്ത് കല്ലേറുണ്ടായി. ജയലളിതക്ക് എതിരെ കേസ് കൊടുത്തവരില്‍ പ്രധാനിയായ സുബ്രഹ്മണ്യം സ്വാമിയുെട വസതിക്ക് പുറത്തും സംഘര്‍ഷം അരങ്ങേറി. ഇൗ സാഹചര്യത്തില്‍ നേതാക്കള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

near subrahmanyam

സുബ്രഹ്മണ്യ സ്വാമിയുെടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കുന്ന ഡി എം കെ പ്രവര്‍ത്തകര്‍

നിയമനിര്‍മാണ സഭയില്‍ അംഗമായ ആള്‍ ശിക്ഷിക്കപ്പെട്ടാല്‍ സ്ഥാനത്ത് തുടരാനാകില്ലെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ജയലളിതക്ക് സ്ഥാനം നഷ്ടമാകുന്നത്.  ഇനി ആറ് കൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ പോയി അനുകൂല വിധി നേടിയില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നര്‍ഥം. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ അധികാര സമവാക്യങ്ങള്‍ക്ക് ജയലളിതയുടെ രാഷ്ട്രീയ വനവാസം വഴിവെക്കും. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്ന ജയലളിത ധനമന്ത്രി ഒ പനിനീര്‍ശെല്‍വത്തെ സര്‍ക്കാറിനെ നയിക്കാന്‍ ഏല്‍പ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2001ല്‍ താന്‍സി ഭൂമിയിടപാടില്‍ വിധി എതിരായപ്പോള്‍ ഇദ്ദേഹത്തിനായിരുന്നു നറുക്ക് വീണത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ വിധി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കണമെന്ന് കര്‍ണാടകയിലെ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജയലളിത സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയതോടെയാണ് കേസില്‍ ഇന്ന് വിധിപ്രസ്താവമുണ്ടായത്.

1991 96 കാലത്ത് ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ ജയലളിത 66 കോടി രൂപ കണക്കില്‍ പെടാതെ സമ്പാദിച്ചുവെന്നാണ് കേസ്. തമിഴ്‌നാട്ടില്‍ പലയിടത്തുമുള്ള ഭൂമി, ഹൈദരാബാദിലും ചെന്നൈക്കടുത്തുമുള്ള ഫാം ഹൗസുകള്‍, നീലഗിരിയിലെ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരികള്‍, നിരവധി ജോഡി വിലപ്പിടിപ്പുള്ള ചെരുപ്പുകള്‍, വാച്ചുകള്‍ തുടങ്ങി കോടികളുടെ സമ്പാദ്യമാണ് ജയലളിതക്കുള്ളതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിവിധ ഘട്ടങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകള്‍ അടക്കം ശക്തമായ തെളിവുകള്‍ ജയലളിതക്കെതിരെ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസിന്റെ വിചാരണ ചെന്നൈയില്‍ നിന്ന് മാറ്റണമെന്ന ജയലളിതയുടെ ആവശ്യം പരിഗണിച്ച് സുപ്രീം കോടതിയാണ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയത്.

---- facebook comment plugin here -----

Latest